ph
അയ്യമ്പുഴ പാണ്ടുപാറ നിവാസികൾക്കുള്ള പട്ടയവിതരണം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാനസർക്കാർ മുന്നോട്ട്പോകുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. അയ്യമ്പുഴ പാണ്ടുപാറ നിവാസികൾക്കുള്ള പട്ടയം വിതരണം അമലാപുരം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 4 ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ സർക്കാരിന് സാധിച്ചു. ഭൂരഹിതർക്കായി ഒരുക്കിയ പട്ടയ മിഷൻ കേരളത്തിന്റെ ചരിത്രത്തിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഡിജിറ്റൽ റീസർവേ വഴി ഭൂവുടമയ്ക്ക് വ്യക്തമായ അതിരടയാളങ്ങൾ ഒരുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. പട്ടയം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം എന്നുള്ളത് രണ്ടര ലക്ഷം രൂപയായി ഉയർത്താനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിലൂടെ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

71 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തത്. ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, വാർഡ് മെമ്പർ എം.എം. ഷൈജു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ധ സായികൃഷ്ണ, ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ എൽ.ആർ. സുനിത ജേക്കബ്, ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ആലുവ തഹസിൽദാർ ഡിക്സി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.