കോതമംഗലം: കുത്തുകുഴി അടിവാട് റോഡിലെ കുടമുണ്ട പാലത്തിലൂടെ കടന്നുപോയ കാർ കുത്തൊഴുക്കിൽപ്പെട്ടു. കൈവരിയിൽ തട്ടി നിന്നതിനാൽ പുഴയിൽ പതിച്ചില്ല. വെള്ളിയാഴ്ചത്തെ പെരുമഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിലാണ് കാർ അകപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. കാർ ഒഴുകിപ്പോകുമെന്ന് മനസിലായതോടെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ വടംകെട്ടി കാർ പിടിച്ചുനിറുത്തി. പിന്നീട് കോതമംഗലത്തുനിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് കാർ വലിച്ചുകയറ്റിയത്. കുത്തുകുഴി സ്വദേശിയുടേതാണ് കാർ. ആദ്യം ഇതിലൂടെ കടന്നുപോയപ്പോൾ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നില്ല. തിരികെവരുമ്പോഴേക്കും ശക്തമാകുകയായിരുന്നു. കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങുന്ന പാലമാണിത്. തൊട്ടടുത്ത് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം ആരംഭിച്ച വലിയ പാലം ഗതാഗതയോഗ്യമായിട്ടില്ല.