തൃപ്പൂണിത്തുറ: പെരുമ്പളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്പളം പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി പാലം ഡിസംബറോടെ തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണ്. പെരുമ്പളംഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് പാലം യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ. ദ്വീപ് ജനത രാഷ്ട്രീയഭേദമെന്യേ സന്തോഷത്തിലാണ്. പാലം തുറക്കുന്നദിവസം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ.
വേമ്പനാട് കായലിലെ ഏറ്റവും നീളമേറിയ പാലമാണ് അരൂക്കുറ്റി വടുതലയിൽനിന്ന് പെരുമ്പളത്തേക്കുള്ള പാലം. പാലം യാഥാർത്ഥ്യമാകുന്നതോടെ ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിനും അറുതിയാകും. നിലവിൽ ജലഗതാഗതവകുപ്പിന്റെ ബോട്ടും പാണാവള്ളിയിലും പൂത്തോട്ടയിലും നിന്നുമുള്ള ജങ്കാറുമാണ് ദ്വീപിലെത്താനുള്ള യാത്രാമാർഗം. ബോട്ടും ജങ്കാറും ഏതുസമയവും പണിമുടക്കാവുന്ന സ്ഥിതിയിലുമാണ്.
ദ്വീപിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി ട്രയൽറണ്ണും നടത്തിക്കഴിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം.
പാലംതുറക്കുന്നതോടെ പെരുമ്പളം, വടുതല നിവാസികൾക്ക് ഇളംവെയിൽകൊണ്ട് കായൽക്കാറ്റേറ്റ് പ്രഭാത, സായാഹ്നനടത്തവും പതിവാക്കാനുള്ള അവസരമാണ് വന്നുചേരുന്നത്.
ഏറ്റവും നീളമേറിയ പാലം
1 ദ്വീപിന് രണ്ട് കിലോമീറ്റർ വീതിയും 5 കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും
2 ജനസംഖ്യ 12000. താമസക്കാർ 3000ത്തിലധികം കുടുംബങ്ങൾ
3 100 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തീകരിക്കുന്നത്
4 പാലത്തിന് 1157 മീറ്റർ നീളം, 7.5 മീറ്റർ വീതി, 1.5 മീറ്റർ വീതമുള്ള നടപ്പാത ഇരുവശവും
5 കരയിലെ രണ്ടു തൂണുകൾ അടക്കം 34 തൂണുകളിലാണ് പാലം
6 ദേശീയ ജലപാത കടന്നുപോകുന്നതിനാൽ ബാർജും വലിയയാനങ്ങളും തടസമില്ലാതെ പോകുന്നതിന് പാലത്തിന്റെ മദ്ധ്യത്തിൽ ബോസ്ട്രിംഗ് രീതിയിലാണ് നിർമ്മാണം
7 പാലത്തിന്റെ പെയിന്റിംഗ് ജോലികളും ലൈറ്റിംഗുമാണ് അവശേഷിക്കുന്നത്
8 നീലജലാശയത്തിന് മുകളിൽ മാരിവില്ലഴകോടെ തിളങ്ങുന്ന പാലം വിനോദസഞ്ചാര വികസനത്തിനുകൂടി ഉതകുന്നതാകും.
ഞങ്ങളൊക്കെ ദൂരയാത്ര കഴിഞ്ഞ് പലരാത്രികളിലും അവസാനബോട്ടുകിട്ടാതെ പാണാ വള്ളിയിലും പൂത്തോട്ടയിലുമിരുന്ന് കൊതുകുകടികൊണ്ട് നേരംവെളുപ്പിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ പരിചയക്കാരായ മത്സ്യത്തൊഴിലാളികൾ പെരുമ്പളത്ത് എത്തിച്ചിട്ടുണ്ട്. ദ്വീപിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.
എം.ബി. അരവിന്ദാക്ഷൻ,
പെരുമ്പളം