കൊച്ചി: നഗരത്തിലെ അഞ്ചു കനാലുകൾ നവീകരിക്കുന്ന പദ്ധതി പൂർത്തിയാക്കുന്നതിന് പിന്നാലെ കൊച്ചി വാട്ടർ മെട്രോയ്ക്ക് 15ലെറെ സ്റ്റേഷനുകൾ കൂടി വരും. ഇടപ്പള്ളി, പേരണ്ടൂർ, ചെലവന്നൂർ കനാലുകൾ നവീകരിക്കുന്നതോടെ ഇതുവഴിയും വാട്ടർമെട്രോ സർവീസ് നടത്താനുള്ള പ്രാഥമിക ചർച്ചകൾ ഇതിനോടകം കൊച്ചി വാട്ടർമെട്രോ ലിമിറ്റഡ് പൂർത്തിയാക്കി കഴിഞ്ഞു. പേരണ്ടൂർ കനാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കണയന്നൂർ താലൂക്ക് റവന്യൂ വിഭാഗത്തിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തൽ നടപടികൾ പുരോഗമിക്കുകയാണ്. ഈ നടപടികൾ പൂർത്തിയാക്കുന്നതിന് പിന്നാലെ വാട്ടർമെട്രോ അധികൃതർ അടുത്തഘട്ട ചർച്ചകൾ ആരംഭിക്കും. ഇതിനുശേഷമാകും എത്ര വാട്ടർ മെട്രോ സ്റ്റേഷനുകൾക്ക് സാദ്ധ്യതയുണ്ടെന്ന് അന്തിമമായി നിശ്ചയിക്കുക.

സർവീസിന് ചെറുബോട്ടുകൾ

കനാൽ നവീകരണത്തിന് പിന്നാലെ വാട്ടർമെട്രോ സ്റ്റേഷനുകളുടെ കാര്യത്തിലെ ചർച്ചകൾ പൂർത്തീകരിക്കുന്നതിനൊപ്പം ഈ കനാലുകളിലൂടെ സർവീസ് നടത്താൻ സാധിക്കുന്ന ബോട്ടുകൾ സംബന്ധിച്ചുള്ള ആലോചനകളിലേക്കും കടക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് സജ്ജമാക്കുന്ന ചെറു ബോട്ടുകളാകും ഇത്തരം കനാലുകളിലൂടെ സർവീസ് നടത്തുകയെന്നാണ് വാട്ടർമെട്രോ അധികൃതർ വ്യക്തമാക്കുന്നത്. ആകെ എത്ര സ്റ്റേഷനുകൾ എന്ന കാര്യത്തിൽ അന്തിമതീരുമാനം വന്നതിനുശേഷം മാത്രമേ എത്ര ബോട്ടുകൾ ആവശ്യമുണ്ടെന്നും ഇതിന്റെ ടെൻഡർ നടപടികൾ എങ്ങനെയെന്നും കെ.ഡബ്ല്യൂ.ആർ.എൽ തീരുമാനിക്കുക

നിലവിലെ ടെർമിനലുകൾ

വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ടുകൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്

നിലവിലെ റൂട്ടുകൾ

ഹൈക്കോർട്ട് - ഫോർട്ടുകൊച്ചി, ഹൈക്കോർട്ട് - വൈപ്പിൻ, ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ, വൈറ്റില - കാക്കനാട്, ഹൈക്കോർട്ട് - ഐലൻഡ് - മട്ടാഞ്ചേരി

(യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഹൈക്കോർട്ട് - സൗത്ത് ചിറ്റർ, സൗത്ത് ചിറ്റൂർ - ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ്)