u
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ചിട്ടുള്ള സ്വാപ്പ് ഷോപ്പിന്റെ പ്രവർത്തനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ വിവരിക്കുന്നു

ഉദയംപേരൂർ: ഉപയോഗപ്രദമായ സാധനങ്ങൾ പഴക്കമുണ്ടെന്ന കാരണത്താൽ വലിച്ചെറിയാൻ വരട്ടെ. ഉപേക്ഷിക്കാൻ കരുതിവച്ച പഴയ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റൊരാൾക്കു പ്രയോജനമായെങ്കിൽ എന്നു ചിന്തിക്കാറുണ്ടോ? എങ്കിൽ വേണ്ടെന്നു തോന്നി മാറ്റിവച്ച സാധനങ്ങൾ ഉദയംപേരൂർ പഞ്ചായത്തിലെ സ്വാപ്പ് ഷോപ്പിലേക്ക് കൊണ്ടുവരൂ. സാധനങ്ങൾ പഞ്ചായത്ത് നേരിട്ട് ശേഖരിച്ച് ആവശ്യക്കാർക്ക് ഇഷ്ടം പോലെ തെരഞ്ഞെടുക്കാം ഒരു രൂപ പോലും പണച്ചെലവില്ലാതെ .

ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ,, പഴയ വസ്ത്രങ്ങൾ എന്നിവയാണു ശേഖരിക്കുക. ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിലാണ് നാലുമാസം മുമ്പ് ജനങ്ങൾക്ക് തള്ളാനും കൊള്ളാനുമായി സ്വാപ്പ് ഷോപ്പ് പ്രവർത്തനമാരംഭിച്ചത് .

ഇവിടെ എത്തിക്കുന്ന സാധനങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്തു ആവശ്യക്കാർക്ക് പണം മുടക്കാതെ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാപ് ഷോപ്പായി മാറിയിരിക്കുന്നത്. പഞ്ചായത്തിലെ സ്വാപ്പ് ഷോപ് വിജയമായതോടെ കൂടുതൽ വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി. ഇലക്ട്രോണിക് മാലിന്യത്തിന്റെ തോത് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഉദയംപേരൂർ ഷോപ്പിൽ സാധനങ്ങൾ ശേഖരിക്കാനും ആവശ്യക്കാർക്കു കൈമാറാനും ഒരു ജീവനക്കാരിയെയും നിയോഗിച്ചിട്ടുണ്ട്. രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണു പ്രവർത്തന സമയം. ലഭിക്കുന്ന സാധനങ്ങൾ ഷോപ്പിനു മുൻപിൽ പ്രദർശിപ്പിക്കും. ഇത് ആവശ്യക്കാർക്കു പരിശോധിച്ച ശേഷം സ്വന്തമാക്കാം. നിലവിൽ കമ്പ്യൂട്ടർ മുതൽ മൊബൈൽഫോൺ വരെ ഇവിടെ എത്തുന്നുണ്ട്. പ്രതിമകൾ, കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങാനും ആവശ്യക്കാരേറെ.

അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന പഞ്ചായത്തിൽ ദൈനംദിന ഉപയോഗത്തിനുശേഷം മാറ്റിവച്ചിട്ടുള്ള സാധനങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുപയോഗം ചെയ്യുന്നതിനാണ് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സ്വാപ്പ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. പദ്ധതി വൻ വിജയമാണ്

ടി. കെ. ജയചന്ദ്രൻ

ക്ഷേമകാര്യ സ്റ്റാൻഡിംഗ്

കമ്മിറ്റി ചെയർമാൻ

ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്