വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നത്തിൽ സംസ്ഥാന സർക്കാരും സി.പി.എമ്മും നടത്തിയ ഇടപെടലുകൾ വിജയം കണ്ടെന്ന് സി.പി.എം ജില്ലാസെക്രട്ടറി എസ്. സതീഷ്. പ്രശ്‌നത്തിൽ ശാശ്വതപരിഹാരം ഉണ്ടായതിൽ സർക്കാരിനും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് സമരവേദിയായ മുനമ്പം വേളാങ്കണ്ണിമാതാ പള്ളിക്ക് സമീപം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് മുന്നോടിയായി മുനമ്പം ജനഹിത റോഡിൽ നിന്ന് പ്രകടനം നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ അദ്ധ്യക്ഷനായി. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, മുൻമന്ത്രി എസ്. ശർമ്മ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി. ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, എ.കെ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.