hospital

കൊച്ചി: തലയിലെയും കഴുത്തിലെയും അപൂർവ ക്യാൻസർ ചികിത്സയ്ക്കായി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ 'സെന്റർ ഫോർ കോംപ്ലക്‌സ് ഹെഡ് ആൻഡ് നെക് ക്യാൻസർ' ആരംഭിച്ചു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക.

ജീനോമിക് രോഗനിർണയവും നൂതന ചികിത്സാ വൈദഗ്ദ്ധ്യവും സമഗ്ര പുനരധിവാസവും സംയോജിപ്പിച്ച് ലോകോത്തര പരിചരണമാണ് ലക്ഷ്യമെന്ന് ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ. മോണി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.

കമ്പ്യൂട്ടർ സഹായത്തോടെ ഡിജിറ്റൽ പ്ലാനിംഗ് നടത്തിയും രോഗിക്ക് അനുയോജ്യമായ ഇംപ്ലാന്റുകൾ തയാറാക്കിയുമാകും ചികിത്സയെന്ന് സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ. അശ്വിൻ മുള്ളത്ത് പറഞ്ഞു.

പുതിയ കേന്ദ്രത്തിൽ വിപുലമായ ഡയഗ്‌നോസ്റ്റിക്‌സ്, റോബോട്ടിക് സർജറികൾ, മിനിമലി ഇൻവേസീവ് നടപടിക്രമങ്ങൾ, ജോ-ഇൻ-എ-ഡേ പുനർനിർമ്മാണം, ജീനോമിക് അധിഷ്ഠിത ടാർഗെറ്റഡ് തെറാപ്പികൾ എന്നിവയുണ്ടാകും. സ്പീച്ച് ആൻഡ് സ്വാലോവിംഗ് തെറാപ്പി, ഡെന്റൽ കെയർ, ഫിസിയോതെറാപ്പി, സൈക്കോ ഓങ്കോളജി, പാലിയേറ്റീവ് സപ്പോർട്ട് എന്നിവയും രോഗികൾക്ക് ലഭ്യമാകും.

സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, പാത്തോളജി, ക്യാൻസർ ജീനോമിക്‌സ്, റേഡിയോളജി എന്നിവയിലെ വിദഗ്ദ്ധരുടെ കൂട്ടായ സേവനമാണ് ലഭിക്കുകയെന്ന് വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.