കൊച്ചി: കുവൈറ്റിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം കാണാതായ സൂരജ് ലാമയ്‌ക്ക് ഓർമ്മക്കുറവില്ലെന്ന് കളമശേരി ഗവ. മെഡിക്കൽ കോളേജ് അധികൃതർ. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ലാമയെ ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതെ മകൻ സാന്റോൺ ലാമ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
തൃക്കാക്കര പൊലീസ് ആംബുലൻസിലാണ് മെഡിക്കൽ കോളേജിൽ സൂരജ് ലാമയെന്ന എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ഡോക്‌ടർമാർ ലാമയെ പരിശോധിച്ചതായി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു. ഓർമ്മക്കുറവോ മറ്റു പ്രശ്നങ്ങളോ കണ്ടെത്തിയില്ല. ബോധക്കുറവുമുണ്ടായിരുന്നില്ല. തനിക്ക് കുഴപ്പമില്ലെന്ന് പറയുകയും ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടെന്ന് സൂരജ് ലാമ പറഞ്ഞതിനാൽ പോകാൻ അനുവദിച്ചു. അത്യാഹിത വിഭാഗത്തിൽ വീൽചെയറിൽ എത്തിയ അദ്ദേഹം നടന്നാണ് മടങ്ങിയത്. ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
തെരച്ചിൽ തുടർന്ന് മകൻ
കുവൈറ്റിൽ കുഴഞ്ഞുവീണ് ഓർമ്മശക്തി നഷ്‌ടപ്പെട്ട സൂരജ് ലാമയെ ബംഗളൂരുവിന് പകരം കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ടെന്നാണ് മകൻ സാന്റോൺ പറയുന്നത്. വിമാനമിറങ്ങി ആലുവയിലെത്തിയശേഷം കാണാതായി. ബംഗളൂരുവിൽ നിന്ന് സാന്റോൺ കൊച്ചിയിലെത്തി നടത്തിയ അന്വേഷണത്തിൽ തുതിയൂരിൽ കണ്ട സൂരജ് ലാമയെ തൃക്കാക്കര പൊലീസ് മെഡിക്കൽ കോളേജിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഓർമ്മ നഷ്‌ടപ്പെട്ട സൂരജ് ലാമയെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തെന്നാണ് മകൻ ആരോപിച്ചിരുന്നത്.
കൊച്ചിയിൽ 13 ദിവസമായി പിതാവിനെ തെരയുകയാണ് സാന്റോൺ. 24 മണിക്കൂർ കൂടി കാത്തിരിക്കാൻ പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചതായി സാന്റോൺ കേരളകൗമുദിയോട് പറഞ്ഞു.
സൂരജിന്റെ ഭാര്യ റിന ലാമ കഴിഞ്ഞ ആറിന് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇടപ്പള്ളിയിൽ താമസിച്ച് പിതാവിനെ തെരയുന്ന സാന്റോൺ ഇന്നലെ നിയമസഹാത്തിന് കെൽസയെയും സമീപിച്ചു.