പെരുമ്പാവൂർ: വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാനസിക - സാമൂഹികപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും സന്തോഷകരവും ആരോഗ്യകരവുമായ കലാലയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി നടപ്പാക്കുന്ന ആനന്ദം ഹാപ്പി ക്യാമ്പസ് പ്രൊജക്ടിന് പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ തുടക്കമായി. സംസ്ഥാനത്ത് മാജിക്സ് എൻ.ജി.ഒയും കേരള എക്സൈസ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടപ്പാക്കുന്ന ആനന്ദം പ്രൊജക്ടിന്റെ ആദ്യത്തെ ക്യാമ്പസ് പദ്ധതിയാണ് ജയ് ഭാരത് കോളേജിൽ ആരംഭിച്ചത്.
ജയ് ഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻജിനിയറിംഗ് കോളേജ്, പോളിടെക്നിക്, സാമൂഹ്യ പ്രവർത്തന വിഭാഗം, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം, ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം.അൻവർ അലി ഉദ്ഘാടനം ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. ദർശക്, മാജിക് എൻ.ജി.ഒ ചെയർമാൻ ഡോ. പ്രവീൺ ജി. പൈ, ജയ് ഭാരത് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ എ.എം. ഖരീം, പ്രിൻസിപ്പൽ പ്രൊഫ. എം.എസ്. ഷാജഹാൻ, ഡോ. ദീപ്തി രാജ്, മാജിക്സ് എൻ.ജി.ഒ സി.ഇ.ഒ മിഥുൻ മാത്യു, വിമുക്തി മിഷൻ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ അനില ഡേവിഡ് എന്നിവർ സംസാരിച്ചു.