മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ കുര്യൻമലയിൽ നിർമ്മിച്ച ഭിന്നശേഷി വിദ്യാലയ മന്ദിരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷനായി. ആധുനിക സൗകര്യങ്ങളോടെ ഇരുപത് സെന്റ് സ്ഥലത്ത് 33 ലക്ഷം രൂപ ചെലവഴിച്ച് ആയിരത്തി അഞ്ഞൂറ് ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ബഡ്സ് സ്‌കൂളിന് വേണ്ടി നിർമ്മിച്ചിരിക്കുന്നത്. എഴുപത്തിയഞ്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. പഠനത്തോടൊപ്പം ഇവിടെ തൊഴിൽ പരിശീലനവും നൽകും. മീര കൃഷ്ണൻ, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മുനിസിപ്പൽ സെക്രട്ടറി എച്ച്. സിമി തുടങ്ങിയവർ സംസാരിച്ചു.