പെരുമ്പാവൂർ: സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന കൂവപ്പടി ബത്‌ലഹേം അഭയഭവന്റെ എല്ലാമായ മേരിച്ചേച്ചി ഓർമ്മയായി. ആരോരുമില്ലാത്ത മാനസികാസ്വസ്ഥ്യമുള്ള ആയിരക്കണക്കിന് പേർക്ക് അമ്മയായി മാറിയ മേരി എസ്തപ്പാൻ പെരുമ്പാവൂർ കൂവപ്പടി ബത്‌ലഹേം അഭയഭവന്റെ കരുത്തും കാരുണ്യ മുഖവുമായിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് അഭയഭവന്റെ ഒരാവശ്യവുമായി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ അടൂരിൽ വച്ചുണ്ടായ കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
കൂവപ്പടി ഗ്രാമത്തിൽ മൂന്ന് മക്കളുടെ മാതാവായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മേരി എസ്തപ്പാൻ ഒരു നിയോഗം പോലെ തെരുവിൽ തള്ളപ്പെട്ട രോഗിയായ എൺപത് വയസുകാരന് ഭക്ഷണം വാങ്ങിക്കൊടുത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് താമസിപ്പിച്ചു തുടങ്ങിയ കാരുണ്യ പ്രവൃത്തിയാണ് ഇന്ന് അഞ്ഞൂറോളം അശരണരെ സംരക്ഷിക്കുന്ന പ്രസ്ഥാനമായി മാറിയത്.
ജീവിതം കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച, എല്ലാവരുടെയും മേരിച്ചേച്ചിയായ മേരി എസ്തപ്പാന്റെ വിയോഗം അശരണർക്കും ആലംബഹീനർക്കും നികത്താനാകാത്ത നഷ്ടം തന്നെയാണ്.