vengola
വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രം.

പെരുമ്പാവൂർ: വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ മെഷീൻ അറ്റകുറ്റപ്പണികൾ നടത്താനാവാത്തവിധം ഉപയോഗ്യശൂന്യമാണെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവൻ കദളി നൽകിയ അപേക്ഷയിൽ ആശുപത്രി അധികൃതരാണ് മറുപടി നൽകിയത്.

അൻപതിനായിരത്തിലേറെ ജനസംഖ്യയുള്ള സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായ വെങ്ങോലയിലെ ഏക സർക്കാർ ആശുപത്രിയാണിത്. കൂടാതെ ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങളിലായി ജോലിചെയ്യുന്ന പതിനായിരത്തിൽപ്പരം അന്യ സംസ്ഥാന തൊഴിലാളികളും മേഖലയിൽ താമസിക്കുന്നുണ്ട്. മാറി മാറി അധികാരത്തിൽ വരുന്നവർ വച്ചുപുലർത്തുന്ന അവഗണനയുടെ ഉദാഹരണമാണ് വെങ്ങോല ആശുപത്രിയുടെ ഈ ശോച്യാവസ്ഥയെന്ന് നാട്ടുകാർ പറയുന്നു .

വാഴക്കുളം, കിഴക്കമ്പലം, മഴുവന്നൂർ തുടങ്ങിയ സമീപ പഞ്ചായത്തുകളിൽ നിന്നുപോലും ഈ ആശുപത്രിയിൽ ചികിൽസ തേടി രോഗികൾ എത്തുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തനം തുടങ്ങിയ ഈ ആശുപത്രിയെ സർക്കാർ സാമൂഹ്യാരോഗ്യ കേന്ദ്രമായും ദേശീയ നിലവാരമുള്ളതായും പ്രഖ്യാപിച്ചതല്ലാതെ അതിനാവശ്യമായ നിയമനങ്ങളൊന്നും നടത്തിയില്ല.

കിടത്തി ചികിത്സ ഇല്ലാതായിട്ട് കാലങ്ങളായി. രാവിലെ 9ന് തുറക്കുന്ന ആശുപത്രി വൈകിട്ട് 6ന് അടച്ചുപൂട്ടും.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ അഞ്ച് സ്പെഷ്യലിസ്റ്റുകൾ അടക്കം ഏഴ് ഡോക്ടർമാർ വേണമെന്നാണ് മാനദണ്ഡമെങ്കിലും നിലവിൽ ഒരു സിവിൽ സർജൻ, മൂന്ന് അസിസ്റ്റന്റ് സർജൻ എന്നിവർ മാത്രമാണ് ഉള്ളത്.

മൂന്ന് നിലകളിൽ നിർമ്മിച്ച ആശുപത്രി കെട്ടിടത്തിലെ വാർഡുകൾ ഉപയോഗിക്കാതെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ആശുപത്രി വളപ്പിൽ 1.79 കോടി രൂപ ചെലവഴിച്ച് ഐസൊലേഷൻ വാർഡ് എന്ന പേരിൽ മറ്റൊരു കെട്ടിടം നിർമ്മിച്ചത്.

ഈ വാർഡിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചെങ്കിലും ഉപയോഗശൂന്യമായി കിടക്കുകയാണ്.

എക്സ്റേ മെഷീൻ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തവിധം ഉപയോഗശൂന്യമായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗം കൂടിയായ ശിവൻ കദളി ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആശുപത്രി മാനേജിംഗ് കമ്മിറ്റി ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും ശിവൻ കദളി പരാതിയിൽ പറയുന്നു.

വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെങ്ങോല ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ പ്രചാരണം നടത്തും

ശിവൻ കദളി