മട്ടാഞ്ചേരി: കേരള കലാമണ്ഡലം പഠനകേന്ദ്രവും പ്രദർശന തിയേറ്ററും ഫോർട്ടു കൊച്ചിയിൽ തിങ്കളാഴ്ച തുറക്കും. രാവിലെ മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫോർട്ടുകൊച്ചി അഴിമുഖ കേന്ദ്രത്തിൽ ഫോക്‌ലോർ തിയേറ്ററിലെ രണ്ടാം നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുക. സംസ്ഥാനത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചി ലോകപൈതൃക നഗരികളിലൊന്നാണ്. ദീപാവലി സമ്മാനമായാണ് കൊച്ചി കലാമണ്ഡല കേന്ദ്രം തുറക്കുന്നത്. അടുത്ത അദ്ധ്യായനവർഷം മുതൽ പഠനകേന്ദ്രത്തിൽ പ്രവേശനവും കലാവതരണവുമുണ്ടാകും. കലാമണ്ഡലത്തിന് തൃശൂർ നഗരിക്ക് പുറമേയുള്ള കേന്ദ്രമായാണ് കൊച്ചി ശ്രദ്ധേയമാകുന്നത്. കലാമണ്ഡലം കേന്ദ്രം തുടങ്ങുന്നതിന് പ്രാരംഭമായി വൈസ് ചാൻസലർ അനന്തകൃഷ്ണനും സംഘവും സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പൈതൃക നഗരിയിലെ കലാമണ്ഡലം കേന്ദ്രം കേരള കലകളുടെ സാംസ്കാരിക വിനിമയത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഓഫീസ്, സ്റ്റേജ്, ഗ്രീൻറൂം, പഠനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. നിലവിൽ ഇന്ത്യാ ടൂറിസം സെന്റർ, ക്ലോക്ക്റൂം എന്നിവയാണ് ഫോക്‌ലോർ തിയേറ്ററിൽ പ്രവർത്തിക്കുന്നത്.