u
ഇന്ദ്രജിത്ത് സന്തോഷ്

പിറവം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷി (22) നായി തെരച്ചിൽ തുടരുന്നു. വ്യാഴാഴ്ച മുങ്ങിയ ബോട്ട് ഇന്നലെ ആഴക്കടലിൽ കണ്ടെത്തിയതായി സൂചനയുണ്ട്. കാലാവസ്ഥ പ്രതികൂലമായതും തെരച്ചിലിന് ചെറിയ ബോട്ട് ഉപയോഗിച്ചതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഇന്ന് വലിയ ബോട്ട് ഉപയോഗിക്കുമെന്ന് നാട്ടിലുള്ള ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു.

സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ് എന്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായ ഇന്ദ്രജിത്ത് എടയ്‌ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകനാണ്. ജോലിയിൽ ചേരാൻ ഈ മാസം 14 നാണ് നാട്ടിൽ നിന്ന് പോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇളയ സഹോദരൻ അഭിജിത് സന്തോഷ് കമ്പനിയുടെ ഖത്തർ ബ്രാഞ്ചിൽ ജോലിക്ക് ചേരാനിരിക്കുകയാണ് .

കമ്പനിയുടെ കപ്പലിൽ ജോലിക്കായി ബോട്ടിൽ പോകും വഴി 16 ന് പുലർച്ചെ 3.30നായിരുന്നു അപകടം. കടൽക്ഷോഭത്തിനിടെ ബോട്ട് അടുപ്പിക്കുമ്പോൾ കപ്പലിൽ ഇടിച്ച് മുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട 21 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയിലുള്ള സന്തോഷ് തിങ്കളാഴ്ച നാട്ടിലെത്തും.