driver

കൊച്ചി: ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് സൾഫ്യൂരിക് ആസിഡ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റ കേസിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട തീക്കോയി മടപ്പള്ളി വീട്ടിൽ എം.ആർ. ഗിരീഷിനെയാണ് (36) എറണാകുളം സൗത്ത് എസ്.എച്ച്.ഒ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് ബൈക്ക് യാത്രക്കാരൻ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടിൽ ബിനീഷിന് പൊള്ളലേറ്റത്. തേവര സിഗ്നൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഫാക്ടിലേക്ക് സൾഫ്യൂരിക് ആസിഡുമായി പോയ ലോറി വളവ് തിരിയുന്നതിനിടെ ആസിഡ് തെറിക്കുകയായിരുന്നു. തിരക്കുള്ള സമയങ്ങളിൽ ആസിഡുമായി പോകരുതെന്ന് നിയമം ലംഘിച്ചാണ് ടാങ്കറെത്തിയത്. ബിനീഷ് അപകടനില തരണം ചെയ്തു.