കൊച്ചി: ചിറ്റൂർ പുഴയിൽ മണിക്കൂറുകളോളം മുങ്ങിക്കിടന്ന ബൈക്ക് പാതാളക്കരണ്ടി ഉപയോഗിച്ച് അഗ്നിരക്ഷാസേന പുറത്തെടുത്തു. മരട് സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഫെറിയിൽ മുങ്ങിയത്. സുഹൃത്തിന്റെ വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി അപകടത്തിൽപ്പെട്ടെന്നാണ് യുവാവ് പറയുന്നത്. രാത്രി ഫെറിയിലേക്ക് കയറിയ ബൈക്ക് പെരിയാറിലേക്ക് മൂക്കുകുത്തുകയായിരുന്നു. ബൈക്കിനൊപ്പം പുഴയിൽവീണ യുവാവ് മൊബൈൽഫോണുമായി നീന്തി രക്ഷപ്പെട്ടു. വെള്ളത്തിൽ അഞ്ചടിയോളം നീങ്ങിയാണ് ബൈക്ക് മുങ്ങിയത്.
അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് ഇന്നലെ രാവിലെ 11 ഓടെയാണ് സുഹൃത്തുക്കളെയും വീട്ടുകാരെയും വിവരം അറിയിക്കുന്നത്. കൂട്ടുകാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചു. വൈകിട്ടാണ് യുവാവ് ഏലൂർ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്.
ചിറ്റൂർ ഫെറിയിലെത്തിയ സേനാംഗങ്ങൾ സീനിയർ ഫയർ ഓഫീസർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ പാതാളക്കരണ്ടി ഉപയോഗിച്ച് അര മണിക്കൂറിനകം ബൈക്ക് വലിച്ചു കരയ്ക്കെത്തിച്ചു. കടവന്ത്ര ഗാന്ധിനഗറിൽ നിന്ന് സ്കൂബടീമിലെ മുങ്ങൽ വിദഗ്ദ്ധരെത്തിയെങ്കിലും സേവനം വേണ്ടിവന്നില്ല. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദിലീപ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ എബിൻ, ഹോംഗാർഡ് ശ്രീകുമാർ എന്നിവരും പങ്കെടുത്തു.