കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷനിൽ മെമു ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് യാത്രക്കാരന് പരിക്കേറ്റു. താനൂർ സ്വദേശി അബ്ദുൾ സലാമാണ് (62) അപകടത്തിൽപ്പെട്ടത്.

അങ്കമാലിയിലെ ബന്ധുവീട്ടിൽ മരണച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ അബ്ദുൾസലാമും കുടുംബവും സ്റ്റേഷനിൽ എത്തിയപ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ പോയിരുന്നു. തുടർന്നാണ് എറണാകുളം-ഷൊർണൂർ മെമുവിൽ കയറിയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ കോച്ചിൽ കയറിയെങ്കിലും കുട്ടിയുമായി അബ്ദുൾ സലാം പ്ലാറ്റ്ഫോമിലായിരുന്നു. കുട്ടിയെ വാതിൽക്കൽ നിന്ന സ്ത്രീയെ ഏൽപ്പിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. തുടർന്ന് ചാടിക്കയറാൻ ശ്രമിച്ചപ്പോഴാണ് പ്ലാറ്റ്ഫോമിൽ വീണ് കാലിന് പരിക്കേറ്റത്. അഗ്നിശമന സേനയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആർ.പി.എഫ് അറിയിച്ചു.