
കൂത്താട്ടുകുളം: സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ആർച്ചറിയിൽ മെഡൽ നേട്ടവുമായി സഹോദരിമാർ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ വച്ച് നടന്ന അണ്ടർ 17 ജൂനിയർ ഇന്ത്യൻ റൗണ്ട് ആർച്ചറി വിഭാഗത്തിൽ, കൽഹാര ബിജോയ് സ്വർണ മെഡൽ നേടി. റാഞ്ചിയിൽ വച്ച് നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കും.
സഹോദരി നിഹാര ബിജോയ്, അണ്ടർ 17 ജൂനിയർ റീകർവ് വിഭാഗത്തിൽ വെങ്കല മെഡലും നേടി ദേശീയ സ്‌കൂൾ ഗെയിംസിന് അർഹത നേടി. കഴിഞ്ഞ വർഷം വിജയവാഡയിൽ നടന്ന ദേശീയ ആർച്ചറി അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ നിഹാര കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നാഷണൽ ചാമ്പ്യൻ അജിത് ബാബുവിന്റെയും നിഖിൽ സാജന്റെയും കീഴിലാണ് ഇവർ പരിശീലിക്കുന്നത്. കൂത്താട്ടുകുളം കുന്നുംപുറത്ത്, കെ.എസ്. ബിജോയ്, ആശ ബിജോയ് ദമ്പതികളുടെ മക്കളാണ് ഇവർ. ബിജോയ് ഗവൺമെന്റ് ടി.ടി.ഐ. ചെറുവട്ടൂരിലെ അദ്ധ്യാപകനും ആശ ബിജോയ്, മണീട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയുമാണ്.
കൽഹാര വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. നിഹാര വയനാട് പുൽപ്പള്ളിയിലെ വിജയ ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആർച്ചറിയോടുള്ള താത്പര്യം കൊണ്ടാണ് നിഹാര വയനാട്ടിൽ എട്ടാം ക്ലാസിൽ പഠിക്കുവാൻ ചേർന്നത്.