തോപ്പുംപടി: തീരദേശ ഹൈവേയുടെ ഭാഗമായി ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിർമ്മാണത്തിന് സർക്കാർ രംഗത്ത്. കെ. റെയിൽ സമർപ്പിച്ച സാദ്ധ്യതാപഠന റപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പിന്റെ നിർദ്ദേശം. 2672.25 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഡിസൈൻ ബിൽഡ് ഫിനാൻസ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നീക്കം.
ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ ചെല്ലാനം മുതൽ മുനമ്പം വരെ 48 കലോമീറ്ററാണുള്ളത്. വൈപ്പിൻ - ഫോർട്ട് കൊച്ചി ഭാഗത്തിനുപുറമെ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, മുനമ്പം അഴീക്കോട് എന്നിവിടങ്ങളിൽ പാത മുറിയുന്നുണ്ട്. ഇരട്ട ടണലുകളിൽ മൂന്നരമീറ്റർ വീതിയുള്ള സർവീസ് റോഡും നാലരമീറ്റർ വീതിയിൽ ഹൈവേയുമാണ് നിർദ്ദേശിക്കുന്നത്. ഒരോ 250 മീറ്ററിലും എമർജൻസി സ്റ്റോപ്പ് ബേ, 500 മീറ്ററിലും യാത്രക്കാർക്കുള്ള വെന്റലേഷനോടുകൂടിയ എമർജൻസി എക്‌സിറ്റ് എന്നിവയുണ്ടാകും.
കപ്പൽച്ചാലിന് കുറുകെ നിർമ്മിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. ആകെ 2.5 കി.മീറ്റർ മുതൽ 4.5 കി.മീറ്റർ വരെ തുരങ്കം നിർമ്മിക്കേണ്ടി വന്നേക്കും. പദ്ധതിക്ക് രണ്ട് അലൈൻമെന്റുകൾ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥലമെറ്റെടുത്താൽ പദ്ധതി പൂർത്തിയാക്കാൻ രണ്ടരവർഷമാണ് കണക്കാക്കുന്നത്.
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് സാദ്ധ്യതാപഠന റിപ്പോർട്ട് ഉൾപ്പെടെ വിവരങ്ങൾ പങ്കിട്ടത്.
30 വർഷം മുമ്പ് കടലിന് അടിയിലൂടെ 50 കി.മീറ്റർ ദൂരമുള്ള യൂറോ ടണൽ നിർമ്മിച്ചിട്ടുണ്ട്. ഇന്നും ധാരാളം ടണലുകൾ നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ ഇത് ഒരു ചെറിയ കാര്യം മാത്രമാണ്
വി.ടി. സെബാസ്റ്റ്യൻ
സാമൂഹ്യ പ്രവർത്തകൻ
തീരദേശ ഹൈവേയുടെ ഭാഗമായി ഫോർട്ട് കൊച്ചിയെയും വൈപ്പിനെയുംകടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇരട്ട തുരങ്കപാത നിർമ്മാണത്തിന് സർക്കാർ താത്പര്യ പത്രം ക്ഷണിക്കും. നടപടികൾ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
കെ.ജെ. മാക്‌സി
എം.എൽ.എ
കൊച്ചി