
അങ്കമാലി: 40 കിലോമീറ്റർ ദൂരം ഓടി തന്റെ കർമ്മമണ്ഡലത്തിലെത്തി അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴ ചുമതലയേറ്റു. മാരത്തൺ ഓട്ടക്കാരൻ കൂടിയായ ഡോക്ടർ ശനിയാഴ്ച രാത്രി 12ന് പനമ്പിള്ളി നഗർ പാർക്കിൽനിന്നായിരുന്നു ഓട്ടം ആരംഭിച്ചത്.
ആരോഗ്യം, സഹനം, കൂട്ടായ്മ എന്നീ മൂല്യങ്ങൾ തന്റെ പുതിയ പ്രവർത്തനമേഖലയിൽ എത്തിക്കുക എന്ന സന്ദേശമാണ് ഈ ഓട്ടത്തിനു പിന്നിലെന്ന് ഡോ. ആന്റണി പോൾ വ്യക്തമാക്കി. 'പനമ്പിള്ളി നഗർ റണ്ണേഴ്‌സ്' എന്ന സൗഹൃദ കൂട്ടായ്മയും അദ്ദേഹത്തോടൊപ്പം ഉദ്യമത്തിൽ പങ്കുചേർന്നു. നഗരത്തിലെ തിരക്കുകൾ പിന്നിട്ട് പുലർച്ചയോടെ ആരംഭിച്ച ഓട്ടം അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ വിജയകരമായി അവസാനിച്ചു. ആരോഗ്യപരിപാലനത്തിന്റെ സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെ നൽകിയ ഡോക്ടറുടെ മാതൃക സഹപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രചോദനമായി.
ഡോ. ആന്റണി പോളിന്റെ സേവനം ആശുപത്രിയുടെ ചികിത്സാ മികവിന് പുതിയ മാനങ്ങൾ നൽകുമെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സി.ഇ.ഒ. ഡോ. ഏബെൽ ജോർജ് പറഞ്ഞു.
മാരത്തൺ ഓട്ടം പുത്തരിയല്ല
ഓട്ടം ഡോക്ടർക്ക്് പുതിയ കാര്യമല്ല. കഴിഞ്ഞ മാസം ബെർലിൻ മാരത്തണിലും പങ്കെടുത്തിരുന്നു. കൂടാതെ, 2018ൽ ദുബായ് മാരത്തണിലും 2019ൽ സ്‌പൈസ് കോസ്റ്റ് മാരത്തണിലും ഓടിയിട്ടുണ്ട്. എം.ബി.ബി.എസ്., എം.ഡി. (ഇന്റേണൽ മെഡിസിൻ), ഡി.എം. (ഗ്യാസ്‌ട്രോഎൻട്രോളജി) ബിരുദധാരിയായ ഡോ. ആന്റണി പോൾ 2020ൽ എഫ്.ആർ.സി.പി. ബിരുദവും നേടിയിട്ടുണ്ട്.