ആലുവ: എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നിനെതിരായ പൊലീസ് നടപടികൾ ശക്തമാക്കി. കഴിഞ്ഞ പത്തുമാസത്തിനിടെ 3,209 കേസുകൾ രജിസ്റ്റർ ചെയ്തു. 3,397 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 18 എണ്ണം കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കേസുകളാണ്. കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 2,037 കേസുകളാണ്. ഇതിൽ 2,217 പ്രതികളാണ് ഉണ്ടായിരുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഈ വർഷം ഇതുവരെ നടന്ന പരിശോധനയിൽ 475 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞവർഷം 270 കിലോയാണ് പിടികൂടിയത്. ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവ് കൂടുതൽ എത്തിക്കുന്നത്. കിലോയ്ക്ക് 2,000 മുതൽ 3,000 രൂപ വരെ നൽകി കഞ്ചാവ് വാങ്ങി ഇവിടെ 25,00030,000 രൂപ നിരക്കിലാണ് വിൽക്കുന്നത്.
ബോധവത്കരണ പദ്ധതികൾ
എസ്.പി.യുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'മിഷൻ പുനർജനി' പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ 'പാടാം ഒരു ഗാനം' എന്ന പരിപാടിയും റൂറൽ ജില്ലയിൽ നടത്തിയിരുന്നു.
കഞ്ചാവ് വേട്ട
90 കിലോഗ്രാം കഞ്ചാവ് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. മൂന്നുപേരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്.
രണ്ട് കേസുകളിലായി 60 കിലോ കഞ്ചാവ് കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. രണ്ടു കേസുകളിലായി അഞ്ച് അന്യ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
സൈക്കിൾ പമ്പിൽ കടത്തിയ 24 കിലോ കഞ്ചാവ് നെടുമ്പാശ്ശേരിയിൽനിന്ന് പിടികൂടിയിരുന്നു. അന്തർസംസ്ഥാന ബന്ധമുള്ള കടത്തുകാരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
18 കിലോ കഞ്ചാവ് കുറുപ്പംപടിയിൽനിന്ന് 12 കിലോ കഞ്ചാവ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയിരുന്നു.
മയക്കുമരുന്നുകൾ
ഒരു കിലോഗ്രാമോളം എം.ഡി.എം.എ. ഈ വർഷം പിടികൂടി. കഴിഞ്ഞവർഷം 750 ഗ്രാം ആയിരുന്നു.
142 ഗ്രാം മെത്താംഫിറ്റമിൻ, രണ്ട് കിലോയോളം ഹാഷിഷ് ഓയിൽ, 600 ഗ്രാമോളം ഹെറോയിൻ എന്നിവയും ഈ വർഷം പിടികൂടി.
ആറ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
അഞ്ച് എൽ.എസ്.ഡി. സ്റ്റാമ്പുകളും
36 നൈട്രാസെപാം ടാബ്‌ലെറ്റുകളും പിടികൂടിയവയിൽപ്പെടുന്നു.