കൊച്ചി: ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ മിന്നൽ പ്രളയം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. എറണാകുളം സൗത്ത്, ദർബാർ ഹാൾ ഗ്രൗണ്ട്, ബോട്ടുജെട്ടി മേഖലയിൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്. ഇതേത്തുർന്നുണ്ടായ വെള്ളക്കെട്ടിൽ എം.ജി റോഡിലും സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. റോഡ് നിരപ്പിൽ നിന്ന് ഒരടിയോളം താഴ്ചയിലുള്ള കടകളിലാണ് വെള്ളക്കെട്ട് അതിരൂക്ഷമായത്. ഹോട്ടലുകളിൽ കരുതി വച്ചിരുന്ന പച്ചക്കറി, മാവ്, പലവ്യജ്ഞനങ്ങൾ എന്നിവ പൂർണമായും നശിച്ചു. വസ്ത്രശാലകളിലും ചെരുപ്പ്, സ്റ്റേഷനറി കടകളിലും മലിനജലം ഇരച്ചുകയറി. സൗത്തിൽ വിവേകാനന്ദ റോഡിന് സമീപത്തുള്ള മുഴുവൻ വീടുകളിലും വെള്ളം കയറി. മഴക്കാലത്തിന് മുമ്പേ കാനകളിൽ നിന്ന് കോരിയെടുത്ത മണ്ണും പ്ലാസ്റ്റിക്കുകളും അടങ്ങിയ മാലിന്യങ്ങൾ പലയിടത്തും കൂട്ടിയിട്ടിരുന്നത് വെള്ളക്കെട്ടിന്റെ ആഘാതം വർദ്ധിപ്പിച്ചു.
അപ്രതീക്ഷിതമായുണ്ടായ കനത്തമഴയിൽ ഒഴുകിയെത്തിയ വെള്ളം ഓടകളിലേക്ക് പോകാതെ മാലിന്യകൂമ്പാരത്തിൽ തട്ടിനിന്നു.
അതോടൊപ്പം ഓടയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും കൂടിയായപ്പോൾ സ്ഥിതി ഏറെ വഷളായി.
എം.ജി റോഡിൽ പലഭാഗത്തും രണ്ടടിയിലേറെ വെള്ളം ഉയർന്നു.
ഇവിടെ പലഭാഗത്തും റോഡിനേക്കാൾ താഴ്ചയിലാണ് മിക്കവ്യാപാരസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്.
അതുകൊണ്ട് റോഡിലെ വെള്ളക്കെട്ട് ഒഴിവായപ്പോഴും കടയ്ക്കുള്ളിൽ കയറിയ മലിനജലം കെട്ടിക്കിടന്നു.
നഗരസഭ എൻജിനിയറിംഗ് വിഭാഗം, ശുചീകരണ തൊഴിലാളികൾ എന്നിവർ അതിരാവിലെ മുതൽ പ്രശ്നബാധിതമേഖലയിൽ രക്ഷാപ്രവർത്തനം നടത്തി.
ഓടകളിലെ ജലനിർഗമനം പലയിടത്തും തടസപ്പെട്ട നിലയിലാണ്. കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണം
പത്മജ മേനോൻ
കൗൺസിലർ
നഗരത്തിന് പുറത്ത് നേരിയമഴ
നഗരത്തിലെ ബോട്ട് ജെട്ടി (145മി.മീ), ദർബാർഹാൾ ഗ്രൗണ്ട് (139.5), മട്ടാഞ്ചേരി (117), കടവന്ത്ര (103) എന്നിവിടങ്ങളിൽ മാത്രമാണ് ശനിയാഴ്ച രാത്രി അതിശക്തമായ മഴപെയ്തത്. കളമശേരിയിൽ 17.5 മില്ലിമീറ്ററും പള്ളുരുത്തിയിൽ 37മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. ജില്ലയുടെ മലയോര മേഖലയിലും സ്ഥിതി ശാന്തമായിരുന്നു. നേര്യമംഗലം 38.5 മില്ലിമീറ്റർ, കൂത്താട്ടുകുളം 27 മില്ലിമീറ്റർ, ഇടമലയാർ 13 മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു മഴയുടെ തോത്.
മുന്നറിയിപ്പ്
ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർവരെ (അതിശക്തം) മഴയും മണിക്കൂറിൽ 30-40കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.