അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ 79-ാ മത് വാർഷികാഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് ലൈബ്രറി അങ്കണത്തിൽ നടക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.ധർമരാജ് അടാട്ട് വാർഷികം ഉദ്ഘാടനം ചെയ്യും. ഭാഷാപണ്ഡിതനായിരുന്ന ടി.പി.ബാലകൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം ഡോ. സുരേഷ് മൂക്കന്നൂർ നടത്തും. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതിഭാ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി സമ്മാന വിതരണം നിർവഹിക്കും.