നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നിർണയത്തിൽ ഗുരുതരമായ അപാകതയെന്ന് ആരോപണം. ബ്ലോക്കിലെ 14 ഡിവിഷനുകളിൽ (1), തുരുത്തൂർ (2), കുത്തിയതോട് (12), ചെങ്ങമനാട് എന്നീ ഡിവിഷനുകളിലാണ് അപാകതക.
50 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുമ്പോൾ ഒരു സീറ്റും തുടർച്ചയായി ജനറലാകില്ല. നിലവിൽ ജനറൽ വിഭാഗത്തിലുള്ള വാർഡുകളെല്ലാം സ്ത്രീ സംവരണമാകും. എന്നിട്ടും 50 ശതമാനം വനിതാ സംവരണമായില്ലെങ്കിൽ നിലവിലെ ജനറൽ വാർഡുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ 50 ശതമാനം കണ്ടെത്തും. ഇത്തരത്തിൽ സംവരണ വാർഡുകൾ തീരുമാനിക്കുമ്പോൾ 2015ലും 2020ലും തുടർച്ചയായി സംവരണ വിഭാഗത്തിൽപ്പെട്ട വാർഡുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
2020ൽ ജനറൽ വിഭാഗത്തിലായിരുന്ന കുത്തിയതോട് ഡിവിഷൻ ഇക്കുറിയും ജനറലായതാണ് ഗുരുതര വീഴ്ച. തുടർച്ചയായി രണ്ട് തവണ സംവരണമായ വാർഡുകൾ ഒഴിവാക്കി ഇത്തവണ സംവരണ വാർഡുകൾ നിശ്ചയിക്കണമെന്നിരിക്കെ, 2015ൽ പട്ടികജാതി സംവരണവും 2020ൽ വനിതാ സംവരണവുമായിരുന്ന തുരുത്തൂർ വാർഡ് ഇത്തവണ വീണ്ടും വനിതാ സംവരണമാണ്. 2020ൽ വനിതാ സംവരണമായിരുന്ന ചെങ്ങമനാട് ഡിവിഷനും വീണ്ടും വനിതാ സംവരണമായി. കുത്തിയതോട് ജനറൽ വാർഡ് വീണ്ടും ജനറലായപ്പോഴാണ് ഈ വിരോധാഭാസം. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡ് നിശ്ചയിച്ചതിനെതിരെ കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി. പുന:പരിശോധന ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഡിവിഷൻ പുനർവിഭജനത്തിലെ പ്രശ്‌നങ്ങൾ
1. വാർഡ് പുനർവിഭജനത്തിൽ എളന്തിക്കര ഡിവിഷനാണ് തുരുത്തൂർ ഡിവിഷനായത്. പട്ടികജാതി സംവരണമായിരുന്ന പുത്തൻവേലിക്കരയിൽനിന്നും വനിതാ സംവരണമായിരുന്ന എളന്തിക്കരയിൽനിന്ന് ഏതാണ്ട് തുല്യമായി വോട്ടുകൾ ചേർത്താണ് തുരുത്തൂർ ഡിവിഷൻ രൂപീകരിച്ചത്.
2. നിലവിൽ ജനറൽ ഡിവിഷനായ കുത്തിയതോട് ഡിവിഷനിലേക്ക് മറ്റൊരു ജനറൽ ഡിവിഷനായ കുറ്റിപ്പുഴയിൽനിന്ന് ഒരു വാർഡ് കൂട്ടിച്ചേർത്താണ് പുനർനിർണയം.
3. വനിതാ സംവരണമായിരുന്ന ചെങ്ങമനാട് ഡിവിഷനിലെ എട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലെ അഞ്ച് വാർഡുകൾ നിലനിറുത്തുകയും കുറ്റിപ്പുഴ ഡിവിഷനിൽനിന്നും മൂന്ന് വാർഡുകൾ കൂട്ടിച്ചേർക്കുകയുമായിരുന്നു.
പുനർവിഭജനത്തിലെ നിയമലംഘനം
1. വാർഡ് പുനർനിർണയത്തിൽ 50 ശതമാനത്തിലധികം വോട്ടുകൾ ഏത് വിഭാഗത്തിൽനിന്നാണോ ചേർത്തിരിക്കുന്നത്, ആ വിഭാഗത്തിൽ കണക്കാക്കണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച്
തുരുത്തൂർ ഡിവിഷനിൽ 100 ശതമാനവും വോട്ടുകളും ചെങ്ങമനാട് ഡിവിഷനിൽ 75 ശതമാത്തോളം വോട്ടുകളും സംവരണ വിഭാഗത്തിലെ ഡിവിഷനുകളിൽനിന്നായതിനാൽ, ഈ ഡിവിഷനുകൾ നിലവിൽ സംവരണമായി കണക്കാക്കി ജനറൽ വിഭാഗത്തിലാക്കേണ്ടതാണ്.
2. അതുപോലെ നിലവിൽ 100 ശതമാനവും ജനറൽ വിഭാഗത്തിലുള്ള കുത്തിയതോട് ഡിവിഷൻ വനിതാ സംവരണത്തിലുമാണ് ഉൾപ്പെടേണ്ടത്.