ആലുവ: ശ്രീനാരായണ ദർശനത്തിന് വർത്തമാന കാലത്ത് പ്രസക്തിയേറിയതായി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പറഞ്ഞു. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ആത്മാവ് ഒന്നാണെന്നതാണ് ശ്രീനാരായണ ദർശനമെന്നും സ്വാമി പറഞ്ഞു. ഗുരുധർമ്മ പ്രചരണ മാതൃസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാതൃസംഗമവും ആത്മോപദേശശതക പാരായണ സമിതികളുടെ രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

എല്ലാവരും ഒന്ന് എന്ന ഗുരുദേവ ദർശനം യാഥാർത്ഥ്യമായാൽ ജാതിമത വർഗ്ഗ വർണ്ണ രാഷ്ട്രീയ ഭേദങ്ങൾ മൂലം ലോകത്തുള്ള അക്രമങ്ങളും അശാന്തിയും ഇല്ലാതാകുമെന്നും സ്വാമി പറഞ്ഞു.

കൊറ്റനല്ലൂർ മഠം സെക്രട്ടറി സ്വാമി അംബികാനന്ദ അദ്ധ്യക്ഷനായി. ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. മാതൃസഭ കേന്ദ്ര സമിതി സെക്രട്ടറി ശ്രീജ സംഘടനാ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ജയന്തി മോഹൻ, സെക്രട്ടറി നിഷ അനിൽ, ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി കെ. ആർ. ലക്ഷ്‌മണൻ, വൈസ് പ്രസിഡന്റുമാരായ പി.പി. ബാബു, ഗീത സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി പൊന്നമ്മ കുമാരൻ, കേന്ദ്രസമിതി അംഗങ്ങളായ മധു വൈപ്പിൻ, ഇന്ദുമതി ശശിധരൻ, യുവജന സഭ പ്രസിഡന്റ് ടി.എസ്. അംജിത്ത്, മാത്യസഭ ക്രേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സിന്ധു ഷാജി, ആലുവ മണ്ഡലം പ്രസിഡന്റ് ലൈല സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ ഒരു വർഷത്തിനകം ആയിരം ആത്മോപദേശ ശതക പാരായണ സമിതികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.