കൊച്ചി: ആലുവ ജില്ല ആശുപത്രിയിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് അമിത നിരക്കിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം എറണാകുളത്തെ പെർമനന്റ് ലോക് അദാലത്തിന് പരാതി നൽകി. ലൈറ്റ് വാഹനങ്ങൾക്ക് 25രൂപയാണ് പാർക്കിംഗ് ഫീസ് വാങ്ങുന്നത്. ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടപ്പോൾ ഹോസ്പിറ്റൽ ഡവലപ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരമാണ് ഫീസ് ഈടാക്കുന്നതെന്നായിരുന്നു മറുപടി. മുനിസിപ്പൽ ചട്ടം അനുസരിച്ച് പണം വാങ്ങി പാർക്കിംഗ് അനുവദിക്കണമെങ്കിൽ ലൈസൻസ് ആവശ്യമുണ്ട്. ജില്ലാ ആശുപത്രിക്ക് ഇത്തരമൊരു ലൈസൻസ് ഇല്ല. ഇവിടെ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എച്ച്.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൾ അസീസ് പറഞ്ഞു.