periyar-vally

കോതമംഗലം: ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ പെരിയാർവാലിയുടെ അധീനതയിലുള്ള സ്ഥലം ഫലപ്രദമായി ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലമുള്ളത്. കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ് ഇപ്പോൾ ഇവിടം. വളർന്നുപന്തലിച്ച പാഴ്മരങ്ങൾ റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്നതും ഭീഷണിയാണ്. സ്ഥലത്തുള്ള ഉപയോഗശൂന്യമായ കെട്ടിടം തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. സാമൂഹിക വിരുദ്ധർ ഇത് ഉപയോഗിക്കുന്നുണ്ട്.
വർഷങ്ങൾക്കുമുമ്പ് ദുരിതബാധിതരെ താമസിപ്പിക്കുന്നതിനായി നിർമിച്ച 'ആശ്വാസകേന്ദ്രമാണ്' ഈ കെട്ടിടം. കാടും മരങ്ങളും നീക്കി സ്ഥലം പൊതു വികസനത്തിനായി ഉപയോഗിക്കണമെന്ന ആവശ്യം നേരത്തേമുതൽ ഉയരുന്നതാണ്. കാർഷിക വിപണന കേന്ദ്രം, ടേക്ക് എ ബ്രേക്ക്, കുട്ടികളുടെ പാർക്ക് എന്നിവക്കെല്ലാം ഈ സ്ഥലം അനുയോജ്യമാണ്. വനിതാ വിപണന കേന്ദ്രത്തിനായി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ സ്ഥലവും ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്.