കോതമംഗലം: ഭൂതത്താൻ കെട്ടിൽ പെരിയാർ വാലി പ്രൊജക്ട് രണ്ട് ചീഫ് എൻജിനിയറുടെ പരിശോധന. ജല വിഭവ വകുപ്പിന്റെ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് എൻജിനിയർ സുജാതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഭൂതത്താൻകെട്ടിൽ അടിയന്തര സന്ദർശനം നടത്തിയത്.
'അവഗണിക്കരുത് ഭൂതത്താൻകെട്ടിനെ' എന്ന കേരള കൗമുദിയുടെ വാർത്താ പരമ്പരയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം.
ചെക്ക് ഡാം, വാച്ച് ടവർ, ക്വാർട്ടേഴ്‌സുകൾ എന്നിവിടങ്ങളെല്ലാം അവർ സന്ദർശിച്ചു. എക്‌സിക്യുട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു.
മോശം സാഹചര്യം ഉദ്യോഗസ്ഥസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ യോഗം ചേരുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു. ചീഫ് എൻജിനിയർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിയുടെ ഓഫീസിനും വൈകാതെ റിപ്പോർട്ട് നൽകും. സഞ്ചാരികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ട ശുപാർശകളും റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് സൂചന.

വാർത്ത വസ്തുതാപരമെന്ന് പഞ്ചായത്ത്
പരമ്പരയിലെ വിവരങ്ങൾ വസ്തുതാപരമായിരുന്നുവെന്ന് പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു പറഞ്ഞു. ഏതാനും വർഷങ്ങളായി ഇവിടെ ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. ഉണ്ടായിരുന്ന സൗകര്യങ്ങളും സംവിധാനങ്ങളും അധികാരികളുടെ അവഗണനമൂലം ഇല്ലാതാവുകയും ചെയ്തു. ഇതുമൂലം സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബോട്ട് സർവീസ് ഇല്ലാത്തതും വലിയ തിരിച്ചടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന നിരവധി പേർ പ്രതിസന്ധിയിലായി. ചെറുകിട കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചു. ഈ കാര്യങ്ങളിലൊന്നും ഗ്രാമപഞ്ചായത്തിന് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. പെരിയാർവാലിയും സർക്കാരും ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജെസി സാജു ആവശ്യപ്പെട്ടു.