
പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയഭവൻ സ്ഥാപകയും പ്രസിഡന്റുമായ മേരി എസ്തപ്പാന്റെ (67) സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കവരപറമ്പ് ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ.
ഭൗതിക ശരീരം ഇന്നു രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ അഭയഭവന്റെ സമീപത്തുതന്നെയുള്ള തറവാടായ കൂവപ്പടി മോളത്താൻ ഹൗസിലും ഉച്ചക്ക് 1 മുതൽ വൈകിട്ട് 3 വരെ കവര പറമ്പ് ലിറ്റിൽ ഫ്‌ളവർ ചർച്ചിലും പൊതുദർശനത്തിനു വയ്‌ക്കും.
28 വർഷത്തിനിടെ 5000ലേറെ അശരണർക്ക് അഭയഭവനിൽ അഭയം നൽകിയിരുന്നു. നിലവിൽ 500ലധികം പേർക്ക് സംരക്ഷണം നൽകി വരികയുമായിരുന്നു മേരി എസ്തപ്പാൻ.
2017 ലെ പ്രഥമ അക്കാമ്മ ചെറിയാൻ വനിതാ രത്‌ന പുരസ്‌കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫുലെ നാഷണൽ എക്‌സലൻസി അവാർഡ്, കേരളകൗമുദി എക്‌സലൻസ് അവാർഡ്, ഗാന്ധിഭവൻ സ്മാരക അവാർഡ്, സർവോദയം കുര്യൻ അവാർഡ്, മർത്ത മറിയം പുരസ്‌കാരം തുടങ്ങി വിവിധ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
മക്കൾ: നിഷ എസ്തപ്പാൻ, അനു എസ്തപ്പാൻ, ബിനു എസ്തപ്പാൻ. മരുമക്കൾ: സെൻസി (കൂരൻ, അങ്കമാലി), ടിന അനു, ടീന ബിനു.