മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന കരുവേലിപ്പടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് രണ്ടുവർഷംമുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പും ജലരേഖയായി. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് നാട്ടുകാർ. തൈക്കാവ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
പഴയകാലപ്രതാപം പേറുന്ന കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് മന്ത്രി സന്ദർശിച്ച വേളയിൽ അവിടെ കൂടിയനാട്ടുകാരും രോഗികളും ബോദ്ധ്യപ്പെടുത്തിയിരുന്നു. ആശുപത്രി പരിസരത്തെ വൃത്തിഹീനമായ അവസ്ഥ, കാടുപിടിച്ചു കിടക്കുന്ന ആശുപത്രി പരിസരത്ത് സാമൂഹ്യദ്രോഹികളുടെ വിളയാട്ടം, ലാബ് സൗകര്യത്തിന്റെ അപര്യാപ്തത, മതിയായ കാരണമില്ലാതെ രോഗികളെ മറ്റ് ആശുപത്രിയിലേക്ക് റഫർചെയ്യുന്നത്, ആംബുലൻസ് സംവിധാനത്തിന്റെ പോരായ്മ, പോസ്റ്റുമോർട്ടം നടത്താത്തത്, കാന്റീൻ സൗകര്യമില്ലാത്തത്, കിഫ്ബി പദ്ധതിയിലൂടെ തുടക്കമിട്ട ആശുപത്രി നവീകരണ പരിപാടി എങ്ങും എത്താത്തത് തുടങ്ങി ഒട്ടേറെ പരാതികളാണ് മന്ത്രിക്കുമുന്നിൽ വിവരിച്ചത്. ഇവയിൽ ഭൂരിഭാഗം കാര്യങ്ങൾക്കും ഇപ്പോഴും പരിഹാരമായിട്ടില്ല.
പരാതിയിൽ പറയുന്നത്
* ഡോക്ടർമാരുടേയും ജീവനക്കാരുടേയും കുറവ് രോഗികളെ ബുദ്ധിമുട്ടിക്കുന്നു
* സർജൻ ഇല്ലാതായിട്ട് നാളുകളായി. സ്ഥിരമായി ശിശുരോഗ വിദഗ്ദ്ധനുമില്ല
* എക്സ്റേ മെഷീൻ തകരാറിലാകുന്നത് പതിവായി
* ഇ.സി.ജി സംവിധാനത്തിന്റെ പോരായ്മയുമുണ്ട്
* 250ഓളം കിടക്കകളുണ്ടെങ്കിലും കിടത്തിചികിത്സ പത്തിൽ താഴെ പേർക്ക് മാത്രം
* ഒ.പി സമയം കഴിഞ്ഞാൽ ഒരു ഡോക്ടർ മാത്രമേ ആശുപത്രിയിൽ ഉണ്ടാകുകയുള്ളു.
ആശുപത്രി വളപ്പിൽ പലയിടങ്ങളിലും കാടുപിടിച്ച് കിടക്കുന്നു
ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും ശല്യം രൂക്ഷം