കോലഞ്ചേരി: വെണ്ണിക്കുളം തൊണ്ടൻ പാറയിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വിദ്യാർത്ഥികളായ രണ്ട് പേർക്ക് പരിക്കേറ്റു. ചാലിക്കര കുഴിക്കാട്ടിൽ വാസുവിന്റെ മകൻ നിഷാദാണ് (34) മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥികളായ തിരുവാണിയൂർ ഞാറക്കാട്ടിൽ റെജിയുടെ മകൻ ജയിംസ് (17) പതിപ്പിള്ളിൽ സജിയുടെ മകൻ ജോയൽ(17) എന്നിവർ ഗുരുതര പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെണ്ണിക്കുളം തൊണ്ടൻപാറയിൽ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ, തിരുവാണിയൂർ ഭാഗത്തേക്ക് പോയ ബൈക്കും എതിർദിശയിൽ അമിതവേഗത്തിൽ എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവാണിയൂർ ഭാഗത്തേക്ക് പോയ നിഷാദിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ വിദ്യാർത്ഥികളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. നിഷാദിന്റെ അമ്മ: കുമാരി. സഹോദരങ്ങൾ: നിഷ, ജിഷ, ലിഷ. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.