കൊച്ചി: എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനുകളിൽ യുവതികളെ കവർച്ച ചെയ്ത് മോഷ്ടാക്കൾ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്ക് പോകാൻ കേരള എക്സ്‌പ്രസിൽ കയറിയ യുവതിയുടെ സ്വർണച്ചെയിൽ പകൽനേരത്ത് പൊട്ടിച്ചെടുത്തു. മറ്റൊരു സംഭവത്തിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ യുവതിയുടെ ലാപ്ടോപ്പ് അടക്കം കവ‌‌ർന്നു.

കൊല്ലം തഴുത്തല റോഡ് വിളയിൽ സെന ജോസഫിന്റെ (20) അരപ്പവന്റെ സ്വർണച്ചെയിനാണ് കേരള എക്സ്‌പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ നിന്ന് പൊട്ടിച്ചെടുത്തത്. ട്രെയിൻ നീങ്ങിത്തുടങ്ങവെ ആയിരുന്നു സംഭവം. മോഷ്ടാവ് ചെയിനുമായി കടന്നു. സംഭവത്തിൽ കേസെടുത്തതായും സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായും റെയിൽവേ പൊലീസ് അറിയിച്ചു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആഭരണമോഷണം നടന്നത്.

കഴിഞ്ഞദിവസം പുലർച്ചെ 1.15ന് മാവേലി എക്സ്‌പ്രസ് സൗത്ത് സ്റ്റേഷനിലെത്തിയപ്പോഴാണ് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത തിരുവനന്തപുരം അയനിക്കാട് സ്വദേശി ആർഷയുടെ (27) ബാഗ് കവർന്നത്. 45,000 രൂപയുടെ ലാപ്ടോപ്പും 2000 രൂപയുടെ ബ്ലൂടൂത്ത് ഇയർഫോണും എ.ടി.എം കാർഡുകളും നഷ്ടമായി. ട്രെയിൻ നോർത്ത്, സൗത്ത് സ്റ്റേഷനുകൾക്കിടെ വേഗത കുറച്ച് നീങ്ങുമ്പോഴാണ് മോഷണം നടന്നത്. മോഷ്ടാവ് പുല്ലേപ്പടി, കെ.എസ്.ആർ.ടി.സി ഭാഗത്തിറങ്ങിയതായി സംശയിക്കുന്നു. ഈ ഭാഗത്തെ സി.സി ടിവി ക്യാമറകൾ പരിശോധിക്കുമെന്ന് ആർ.പി.എഫും പൊലീസും അറിയിച്ചു.