kodimaram
കൊടിമരം ജോസിനെ ഇന്നലെ വൈകിട്ട് തൃശൂരിൽ പിടികൂടിയപ്പോൾ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയും പശ്ചിമകൊച്ചി സ്വദേശിയുമായ കൊടിമരം ജോസ് എന്ന ജോസാണ് തൃശൂരിൽ പിടിയിലായത്. ഇന്നലെ രാത്രി 11 ഓടെ തൃശൂരിലെത്തിയ എറണാകുളം നോർത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

സെപ്തംബർ 17ന് രാത്രിയാണ് പത്തനംതിട്ട സ്വദേശി അഖിലേഷ് പി ലാലനെയും സുഹൃത്ത് വിഷ്ണുവിനെയും ജോസിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിന് അടിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. ആദ്യം പാലത്തിന് മുകളിലെത്തിച്ച് മർ‌ദ്ദിച്ചു. തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കൊണ്ടു പോയി എ.ടി.എമ്മിൽ നിന്ന് ബലപ്രയോഗത്തിലൂടെ 9500 രൂപ പിൻവലിപ്പിക്കുകയും ഫോൺ കവരുകയും ചെയ്തു. തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. കേസിൽ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തെങ്കിലും തൃശൂരിലേക്ക് കടന്ന ജോസ് അവിടെ ഒളിവിലായിരുന്നു. ഇന്നലെ തൃശൂർ പൊലീസിന്റെ വാഹനപരിശോധനയ്‌ക്കിടെയാണ് പിടിയിലായതും എറണാകുളം നോർത്ത് പൊലീസിന് കൈമാറിയതും. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജോസ്.