
കൊച്ചി: സപര്യ സാംസ്കാരിക സമിതിയുടെ ഗാന്ധിസാഹിത്യ പുരസ്‌കാരം അജിത് വെണ്ണിയൂരിന്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി’, ‘ബാ-ബാപ്പു അറിഞ്ഞതും അറിയേണ്ടതും’ എന്നീ പുസ്തകങ്ങളും ഗാന്ധിസാഹിത്യരംഗത്തെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരത്തിന് അജിത് വെണ്ണിയൂരിനെ തിരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അറിയിച്ചു.
കേരള ഗാന്ധിസ്മാരക നിധി മുൻസെക്രട്ടറിയും ഗാന്ധിമാർഗം മാസിക മുൻ പത്രാധിപരും പൂർണോദയ ബുക്ക്ട്രസ്റ്റ് സ്ഥാപകാംഗവും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമാണ് അജിത് വെണ്ണിയൂർ. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും 10000 രൂപയുമുൾപ്പെട്ട പുരസ്കാരം ഒക്ടോബർ 25ന് തൃശൂർ സാഹിത്യഅക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സാഹിത്യ, സംഗീത നാടക അക്കാഡമികളുടെ മുൻസെക്രട്ടറിയുമായ ഡോ.പി.വി. കൃഷ്ണൻ നായർ സമ്മാനിക്കും.