പെരുമ്പാവൂർ: പെരുമ്പാവൂർ -മുടകുഴ പഞ്ചായത്ത് -ചൂരമുടി റൂട്ടിൽ പുതിയ ഗ്രാമവണ്ടി നാളെ മുതൽ ഓടിത്തുടങ്ങും. 11മണിക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ടി. അജിത്കുമാറിന്റെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ചാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പാവൂർ. കുറുപ്പംപടി, ഐമുറി, തൃക്കപ്പടി, തൃക്കേപ്പാറ, മുടക്കുഴ പഞ്ചായത്ത്, ആനക്കൽ, കണ്ണൻചേരിമുകൾ, നെടുങ്കണ്ണി, മീമ്പാറ, ചൂരമുടി എന്നിങ്ങനെയാണ് വാഹനത്തിന്റെ റൂട്ട്. രാവിലെ 7, ഉച്ചയ്ക്ക് 1, വൈകുന്നേരം 4.40 എന്നീ സമയങ്ങളിൽ പെരുമ്പാവൂരിൽ നിന്ന് പുറപ്പെടും. രാവിലെ 8, ഉച്ചയ്ക്ക് 2, വൈകിട്ട് 5.30 എന്നിങ്ങനെയാണ് ചൂരമുടിയിൽ നിന്ന് തിരിച്ചുള്ള സർവീസ്.
യാത്രാക്ലേശം ഏറെ അനുഭവിക്കുന്ന തൃക്കേപ്പാറ, ആനക്കൽ, മീമ്പാറ ഭാഗത്തുള്ളവർക്ക് ഗ്രാമവണ്ടി വളരെയധികം ഉപകാരപ്പെടും. കൂടുതൽ റൂട്ടുകളിലേക്ക് ഗ്രാമവണ്ടി സൗകര്യം ഏർപ്പെടുത്തുമെന്ന് എ.ടി. അജിത്കുമാർ പറഞ്ഞു.