kottapuram-kayalone
ദേശീയപാത 66 റോഡ് നിർമ്മാണത്തിനായി കോട്ടപ്പുറം കായലിൽ നിന്ന് മണ്ണ് ഡ്രജ് ചെയ്യുന്നു

പറവൂർ: ദേശീയപാത 66ന്റെ മൂത്തകുന്നം - ഇടപ്പള്ളി റീച്ചിൽ റോഡിന് ആവശ്യമായ മണ്ണ് ലഭിച്ചതോടെ നിർമ്മാണം അതിവേഗത്തിലായി. അടുത്ത വർഷം മാർച്ച് - ഏപ്രിൽ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. മണ്ണ് ലഭിക്കാത്തതിനാൽ റോഡിന്റെ നിർമ്മാണം ഇതുവരെ 12 ശതമാനമാണ് പൂർത്തിയായിട്ടുള്ളത്. കോട്ടപ്പുറം കായലിൽ ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണും കൊച്ചിൻ പോർട്ടിൽ നിന്നുമുള്ള കായൽ മണ്ണും റോഡിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. പുത്തൻകുരിശിൽ നിന്ന് ചെമ്മണ്ണും ലഭിക്കുന്നുണ്ട്.

ദേശീയപാത 66ൽ കേരളത്തിലെ ഏറ്രവും ചെലവേറിയ റീച്ചാണ് മൂത്തകുന്നം - ഇടപ്പിള്ളി. നിരവധി വലുതും ചെറുതുമായ പാലങ്ങളും അടിപ്പാതകളും ഈ റീച്ചിൽ കൂടുതലാണ്. തീരദേശ മേഖലയായതിനാൽ നിർമ്മാണത്തിന് കാലതാമസമുണ്ടാകും. നിർമ്മാണ വസ്തുക്കളുടെ ലഭ്യത ഈ മേഖലയിൽ കുറവാണ്. ഇതെല്ലാമാണ് നിർമ്മാണം നീണ്ടുപോകാൻ കാരണം.

-----------------------------------

കരിങ്കല്ലും മെറ്റലും വേണം

രണ്ട് വർഷം മുമ്പ് ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂണിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ അനുവദിച്ച ക്വാറിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് നീണ്ടുപോകാൻ കാരണം. തമിഴ്നാട്ടിൽ നിന്ന് മൂന്നിരട്ടി ചെലവിലാണ് നിലവിൽ കരിങ്കല്ല് കൊണ്ടുവരുന്നത്.

----------------------------------------------------

ഇടപ്പിള്ളി റെയിൽപ്പാലം

റീച്ചിലെ പ്രധാന പാലങ്ങളിലെന്നാണ് ഇടപ്പള്ളിയിലെ റെയിൽപ്പാലം. പാലത്തിന്റെ ഇരുഭാഗത്തേയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. റെയിൽവേ ലൈനിന് മുകളിലൂടെ നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടില്ല. പാലം നിർമ്മിക്കുമ്പോൾ ട്രെയിൻ ഗതാഗതം തടസപ്പെടും. അതിനാൽ ട്രെയിൻ സർവീസിന്റെ സമയക്രമം പരിഗണിച്ചതിന് ശേഷമേ മേൽപ്പാലം നിർമ്മാണത്തിന് അനുമതി ലഭിക്കൂ. അനുമതി ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകും.

-------------------------

മൂത്തകുന്നം - ഇടപ്പള്ളി റീച്ചിന് 1600 കോടി

26.26 കിലോമീറ്ററാണ് റോഡ് നിർമ്മിക്കുന്നത്.

-----------------------------------------------------

25ന് മൂന്ന് വർഷം തികയും

2022 ഒക്ടോബർ 25നാണ് ആദ്യ ദിനമായി കണക്കാക്കി വഴിക്കുളങ്ങരയിൽ വെഹിക്കിൾ അണ്ടർപാസ് കോൺക്രീറ്റ് ചെയ്താണ് പ്രവർത്തനം തുടങ്ങിയത്.

കരാർ കാലാവധി 910 ദിവസം

കഴിഞ്ഞ ഏപ്രിൽ 22ന് നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ കമ്പനി.

മൂന്ന് വർഷമാകുമ്പോൾ ആകെ പൂർത്തിയായത് 68 ശതമാനം നിർമ്മാണം.

പാലങ്ങളുടെ നിർമ്മാണം 94 ശതമാനം പൂർത്തിയപ്പോൾ റോഡ് നിർമ്മാണം 12 ശതമാനം മാത്രം.