pic2
ഫോർട്ടുകൊച്ചിയിൽ കേരള കലാമണ്ഡലം കേന്ദ്രം സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി: കലാമണ്ഡലം പ്രകടന, പ്രചാരണകേന്ദ്രം ഫോർട്ടുകൊച്ചി കമാലക്കടവിലെ കേരള ഫോക്‌ലോർ കൾച്ചറൽ തിയേറ്ററിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ്പ‌്‌യാർഡ് സി.എസ്.ആർ വിഭാഗം മേധാവി പി.വി. സമ്പത്ത്കുമാർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ക്ഷേമാവതി, ഡോ. കെ.ജി. പൗലോസ്, കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ് സിഎസ്ആർ ഫണ്ടുപയോഗിച്ചാണ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിദേശികൾ കൂടുതലെത്തുന്ന ഫോർട്ടുകൊച്ചിയിൽ കൾച്ചറൽ ടൂറിസത്തിന്റെ സാദ്ധ്യതകൾകൂടി പ്രയോജനപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രത്തിൽ കലാ, സാംസ്കാരിക പരിപാടികൾ, ദേശീയ-അന്തർദേശീയ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും, കൊച്ചിയിലെത്തുന്ന വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് കേരളത്തിന്റെ തനത് കലകളെ പരിചയപ്പെടുത്തുന്നതിനും ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്തിനുമാണ് കലാമണ്ഡലം ലക്ഷ്യംവയ്ക്കുന്നത്. ഈ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് ചെറുതുരുത്തിയിലെ കേരള കലാമണ്ഡലവും ജൈവവൈവിദ്ധ്യങ്ങളുടെ സങ്കേതമായ ഹോർത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കൽ ഗാർഡനും സന്ദർശിക്കുന്നതിനും അവസരമൊരുക്കും, ഉദ്ഘാടനത്തെ തുടർന്ന് കേന്ദ്രത്തിൽ കലാമണ്ഡലത്തിലെ ഡിഗ്രി വിദ്യാർത്ഥിനികളുടെ മോഹിനിയാട്ടവും പഞ്ചവാദ്യവും ഉണ്ടായിരുന്നു.