kodimaram
കൊടിമരം ജോസിനെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

കൊച്ചി: കഴിഞ്ഞദിവസം തൃശൂരിൽനിന്ന് എറണാകുളം നോർ‌ത്ത് പൊലീസ് അറസ്റ്റുചെയ്ത കുപ്രസിദ്ധ മോഷ്ടാവ് കൊടിമരം ജോസിനെ (44) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം പള്ളിത്തോട്ടത്തെ കൊടിമരം സ്വദേശിയായ ജോസ് കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കേരളത്തിൽമാത്രം കൊലപാതകം, വധശ്രമം, കവർച്ച, മോഷണം, മാനഭംഗം, അടിപിടി തുടങ്ങി ഇരുപതോളം കേസുകളുണ്ട്. ചില കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയാണ്. എറണാകുളം നോർത്ത് മേൽപ്പാലത്തിൽ യുവാക്കളെ കവർച്ചചെയ്ത കേസിലെ രണ്ടാംപ്രതിയായ ഇയാളുടെ ഫോട്ടോ കൊച്ചി സിറ്റി പൊലീസ് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചിരുന്നു. തൃശൂരിൽ വാഹന പരിശോധനയ്ക്കിടെ പിടിയിലാകാൻ ഇടയായതും ഇതേത്തുട‌ർന്നാണ്.

കൊല്ലത്ത് ബൈക്ക് മോഷണത്തിലായിരുന്നു തുടക്കം. വീടുകളുടെ പിൻവാതിൽ തകർത്ത് കവർച്ച നടത്തുന്നതും പതിവാണ്. ജയിൽവാസത്തിനിടെ പരിചയപ്പെട്ട മോഷ്ടാക്കളുടെ സഹായത്തോടെയായിരുന്നു തമിഴ്നാട്ടിൽ കവ‌ർച്ച. തമിഴ്നാട് പൊലീസ് നിരവധിതവണ കേരളത്തിൽനിന്ന് അറസ്റ്റുചെയ്തിട്ടുണ്ട്. 2005ലാണ് കൊടിമരം ജോസിനെതിരെ ആദ്യമായി കേസെടുക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തീരദേശമേഖലകളിൽ മത്സ്യത്തൊഴിലാളി എന്ന വ്യാജേന തങ്ങിയാണ് മോഷണം.

2017ലാണ് എറണാകുളം കേന്ദ്രീകരിച്ച് മോഷണം തുടങ്ങിയത്. എറണാകുളം സെൻട്രൽ, നോർത്ത്, മുനമ്പം, ആലുവ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ്. പലപ്പോഴും സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. മോഷണത്തിനിടെ മാരാകായുധം കാട്ടി ഭീഷണിപ്പെടുത്തുന്നതും കസ്റ്റഡിയിലെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനാകുന്നതും പതിവാണ്.

കഴിഞ്ഞമാസം എറണാകുളം നോർത്ത് മേൽപ്പാലത്തിന് സമീപം പത്തനംതിട്ട സ്വദേശി അഖിലേഷ് പി. ലാലനെയും സുഹൃത്ത് വിഷ്ണുവിനെയും ആക്രമിക്കുകയും മൊബൈൽഫോൺ കവരുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മൊബൈൽഫോണിലെ ഗൂഗിൾപേ ഉപയോഗിച്ച് 9500 രൂപയും പിൻവലിച്ചിരുന്നു. കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് അലി, പരവൂർ കലയ്ക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവർ നേരത്തേ പിടിയിലായി.

നോർത്ത് എസ്.ഐ പി.പി. റെജി, സീ‌നിയർ സി.പി.ഒമാരായ ആനന്ദരാജൻ, മുകേഷ്, ഉണ്ണിക്കൃഷ്ണൻ, അരുൺ, ഷെജീർ, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.