മട്ടാഞ്ചേരി: കലാമണ്ഡലത്തിന്റെ പുതിയകേന്ദ്രം ഫോർട്ടുകൊച്ചിയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാന്റെ കാർ കയറ്റാൻ വൈപ്പിനിലേക്കുള്ള റോറോ സർവീസ് വൈകിപ്പിച്ചതായി പരാതി. ഉദ്ഘാടനം നടന്ന വേദിയുടെ റോഡിന്റെ എതിർവശത്താണ് റോറോ ജെട്ടി. മന്ത്രിയുടെ പ്രസംഗം കഴിയാറായപ്പോൾ മന്ത്രിയുടെ വാഹനം അക്കര കടക്കുന്നതിനായി പൊലീസ് ഇടപെട്ട് റോറോ സർവീസ് നിറുത്തിവയ്പ്പിച്ചു.

ഇവിടെ ഒരു റോറോ വെസൽ തകരാറിലായതിനാൽത്തന്നെ വൻതിരക്കാണ്. വാഹനങ്ങൾ ഏറെനേരം കാത്തുകിടന്നാണ് മറുകര എത്തുന്നത്. അതിനിടയിലാണ് പൊലീസിന്റെ ഇടപെടൽ. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് നന്ദി പറഞ്ഞു തുടങ്ങിയിട്ടും മന്ത്രിയുടെ വാഹനം കടന്ന് പോകാതായതോടെ കാത്ത് കിടന്നിരുന്ന ഇരുചക്രവാഹനങ്ങൾ ഒരുമിച്ച് നിറുത്താതെ ഹോൺ മുഴക്കി പ്രതിഷേധിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടനെ സ്റ്റേജിൽ നിന്നിറങ്ങി കാറിൽ റോറോയിൽ കയറുകയായിരുന്നു.