പറവൂർ: വാവക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കൊണ്ടുപോയ പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങൾ തിരികെ എത്തിക്കണമെന്ന് ക്ഷേത്രോപദേശക സമിതി. ഇതുസംബന്ധിച്ച് ക്ഷേത്രോപദേശക സമിതി തിരുവിതാംകൂർ ദേവസ്വം കണ്ണൻകുളങ്ങര സബ് ഗ്രൂപ്പ് ഓഫീസർക്ക് പരാതി നൽകി. ഭഗവാന് വിശേഷാവസരങ്ങളിൽ ചാർത്താൻ ഭക്തജനങ്ങൾ പലപ്പോഴായി സമർപ്പിച്ചതാണ് ആഭരണങ്ങൾ.

2019ലാണ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ആഭരണങ്ങൾ സ്ട്രോംഗ് റൂമിലേക്ക് മാറ്രിയത്. വിശേഷാവസരങ്ങളിൽ ഭഗവാനെ അണിയിക്കാൻ നൽകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. ഉത്സവമടക്കമുള്ള വിശേഷാവസരങ്ങളിൽ സ്വർണാഭരണങ്ങൾ ഭഗവാനെ ചാർത്തണമെന്ന് ഉപദേശക സമിതി ആവശ്യപ്പെടാറുണ്ട്. എന്നാൽ ആറ് വർഷത്തിനിടെ ഒരു തവണപോലും ആഭരണങ്ങൾ ഭഗവാന് ചാർത്തിയട്ടില്ല. സ്വർണാഭരണങ്ങൾ ഭഗവാന് ചാർത്തുകയും അത് ഭക്തജനങ്ങൾക്ക് നേരിൽ കണ്ട് ബോദ്ധ്യപ്പെടുവാനുള്ള അവസരം ഒരുക്കണമെന്നും ഉപദേശക സമിതി ആവശ്യപ്പെട്ടിട്ടു.

ശബരിമലയിലടക്കം സ്വർണം കാണാതായ വാർത്ത പുറത്തുവന്നതോടെയാണ് ഭക്തജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നത്. ദേവസ്വം ബോർഡിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ഭക്തർ ആലോചിക്കുന്നുണ്ട്.