h

തൃപ്പൂണിത്തുറ: ലായം കൂത്തമ്പലത്തിൽ നടന്ന സ്കൂൾതല കളരിപ്പയറ്റ് ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ബഹളം. ഈ മത്സരങ്ങൾ തിങ്കളാഴ്ച്ച ലായം കൂത്തമ്പലത്തിൽ നടക്കുമെന്നായിരുന്നു സ്കൂൾ കുട്ടികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നത്. ഇതനുസരിച്ച് രാവിലെ 9ന് തുടങ്ങുമെന്നറിയിച്ചിരുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനൊപ്പമാണ് സ്കൂൾ ഗെയിംസ് മത്സരങ്ങളും നടക്കുന്നത് എന്നറിഞ്ഞത്.

മത്സരം വൈകി,​ പങ്കെടുക്കാതെ കുട്ടികൾ

സംഘാടകരെ കാണാതെ വിഷമത്തിലായ കുട്ടികൾ ബഹളം വച്ചപ്പോഴാണ് 10.30 ന് രജിസ്ട്രേഷൻ തുടങ്ങിയത്. എന്നാൽ ഇവിടെ മത്സരം നടത്തിയത് സിലബസ് ഇല്ലാത്ത,​ ഒരിടത്തും പബ്ലിഷ് ചെയ്തിട്ടില്ലാത്ത നിയമപ്രകാരമാണ്. ഇതിലൂടെ വിവേചനപരമായ വിധി നിർണയത്തിന് സാദ്ധ്യതയുണ്ടെന്ന് കുട്ടികൾ എതിർത്തു.

കളരിപ്പയറ്റ് അസോസിയേഷന്റെ കീഴിൽ പരിശീലിച്ച കുട്ടികൾക്ക് സ്കൂൾ ഗെയിംസിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും ആക്ഷേപമായി. ഇതേച്ചൊല്ലി കൂത്തമ്പലത്തിൽ ബഹളമുണ്ടായി. തുടർന്ന് ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി. ഉപജില്ലാ മത്സരങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷം നടക്കേണ്ട മത്സരങ്ങൾ വൈകിയതോടെ പല വിദ്യാർത്ഥികളും മത്സരിക്കാതെ തിരിച്ചു പോയി. സംഭവത്തിൽ കുട്ടികൾ പരാതി നൽകിയിട്ടുണ്ട്.