# സ്ഥാപനം പൊലീസ് പൂട്ടിച്ചു
ആലുവ: യൂസ്ഡ് കാർ വില്പനയുടെ മറവിൽ പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമകളിൽ ഒരാൾ അറസ്റ്റിൽ. പാർട്ണർ ഒളിവിൽ. ആലുവ പങ്കജം കവലയിൽ പ്രവർത്തിക്കുന്ന ന്യൂമറീസ് കാർ കേരള പാർക്ക് ആൻഡ് സെൽ ഷോറൂം ഉടമ കാഞ്ഞൂർ കൈപ്ര പുത്തൻപുരക്കൽ വീട്ടിൽ അനൂപ് പി. ജോസഫാണ് (45) അറസ്റ്റിലായത്. പാർട്ണറും സിനിമ മേക്കപ്പ് ആർട്ടിസ്റ്റുമായ അശോകപുരം ഓലിപ്പറമ്പിൽ ലിബിൻ മോഹനനാണ് ഒളിവിൽ. ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിപ്പറമ്പിൽ കെ.പി. സുനിൽകുമാറിന്റെ പരാതിയെ തുടന്നാണ് കേസെടുത്തിരിക്കുന്നത്.
വില്പനയ്ക്ക് ഏൽപ്പിച്ച കാർ അനൂപ് വിറ്റെങ്കിലും 1.60,000 രൂപ നൽകാതെ കബളിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ മറ്റ് നാല് പരാതികൾകൂടി ലഭിച്ചിട്ടുണ്ടന്ന് അലുവ എസ്.എച്ച്.ഒ പി.എം. കെഴ്സൺ പറഞ്ഞു.
ഷോറൂമിൽ ലഭിച്ച വാഹനങ്ങൾ ഉടമകൾ അറിയാതെ വില്പന നടത്തി പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. ചില പരാതികളിൽ അനൂപിനൊപ്പം ലിബിനും പങ്കുള്ളതായി സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. അനൂപിനെ ആലുവ കോടതി റിമാൻഡ് ചെയ്തു. സ്ഥാപനം പൊലീസ് പൂട്ടിച്ചു.