കൊച്ചി: കുടുംബ വഴക്ക് നടക്കുന്നതായി അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് നാടൻ തോക്ക് സഹിതം ഭർത്താവിനെ അറസ്റ്റ് ചെയ്തു. വീട്ടിൽ തോക്ക് ഒളിപ്പിച്ചിട്ടുണ്ടെന്നും ഭർത്താവ് തോക്ക് കാട്ടി ഭീഷണിപ്പെടുത്താറുണ്ടെന്നും ഭാര്യയാണ് പൊലീസ് സംഘത്തോട് വെളിപ്പെടുത്തിയത്.
എറണാകുളം കുറുപ്പുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് മാടപ്ര വീട്ടിൽ മനോജാണ് (33) പിടിയിലായത്. വഴക്ക് നടക്കുന്നതായി മനോജിന്റെ ഭാര്യാസഹോദരിയാണ് ഞായറാഴ്ച രാത്രി 11.30ഓടെ കുറുപ്പംപടി പൊലീസിനെ അറിയിച്ചത്. മനോജും കുടുംബവും താമസിക്കുന്ന രായമംഗലം വായിക്കര മൂരുകാവിലെ വാടകവീട്ടിലെത്തിയ പൊലീസ് വിവരങ്ങൾ തിരക്കുന്നതിനിടെ തോക്കിന്റെ കാര്യം ഭാര്യ വെളിപ്പെടുത്തി. സ്റ്റേഷനിൽ നിന്ന് എസ്.ഐ പി.എം. മുഹമ്മദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ എത്തിയാണ് കട്ടിലിനടിയിൽ നിന്ന് തോക്ക് കണ്ടെടുത്തത്.
തോക്കിന് ലൈസൻസ് ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ മനോജിനെ അറസ്റ്റ് ചെയ്തു. പിതാവ് ഉപയോഗിച്ചിരുന്ന തോക്കാണെന്നും തനിക്ക് കൈമാറിയതാണെന്നുമാണ് പ്രതിയുടെ മൊഴി. മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന ഒറ്റബാരൽ തോക്കാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധ മൃഗവേട്ടയ്‌ക്ക് ഉപയോഗിക്കാൻ വേണ്ടി സൂക്ഷിച്ചതെന്നാണ് സൂചന. ആയുധനിയമം ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, പാലക്കാട് ജില്ലയിൽ ലഹരിമരുന്ന് കേസിൽ പ്രതിയായ മനോജിനെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. മരപ്പണിക്കായി മൂന്നു മാസം മുമ്പാണ് കുടുംബസമേതം മനോജ് കുറുപ്പംപടിയിലെത്തിയത്.