• ഉടൻ പണം അടയ്ക്കണമെന്ന് ദേവസ്വം ബോർഡ് നോട്ടീസ്
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഉപദേശക സമിതിയുടെ നേതൃത്വത്തിലുള്ള ഉത്സവാഘോഷ കമ്മിറ്റി ഭക്തരിൽനിന്ന് പിരിച്ചെടുത്ത 30 ലക്ഷത്തോളം രൂപയെക്കുറിച്ച് വിവരമൊന്നുമില്ല. ഉത്സവനടത്തിപ്പ് കൊച്ചിൻ ദേവസ്വംബോർഡ് ഏറ്റെടുത്തപ്പോൾ പണം ഉടനെ തിരികെഅടയ്ക്കാൻ കമ്മിറ്റിക്ക് ഒക്ടോബർ മൂന്നിന് ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ ഉപദേശകസമിതി പ്രസിഡന്റ് ടി.ജി. വേണുഗോപാലിന് ഒക്ടോബർ 16ന് നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇനിയും വൈകിയാൽ നിയമനടപടികളിലേക്ക് ബോർഡ് കടന്നേക്കും. ഉപദേശകസമിതിയുടെ പേരിൽ ബാങ്കിൽ 23ലക്ഷംരൂപയുണ്ട്. ഇന്നലെ ഉപദേശക സമിതിയോഗം ചേർന്നിട്ടുണ്ട്. തീരുമാനങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ട്രഷററായ ദേവസ്വം ഓഫീസർ യോഗത്തിൽനിന്ന് വിട്ടുനിന്നു.
ഉത്സവപരിപാടികൾ നിർണയിക്കുന്നതിൽ ബാഹ്യഇടപെടലുകളും മേളം ഒരു പ്രമുഖകലാകാരന് മാത്രമായി നൽകണമെന്ന നിർബന്ധബുദ്ധിയേയും തുടർന്നുള്ള പ്രശ്നങ്ങളാണ് ഉത്സവകമ്മിറ്റിയിൽ അന്ത:ഛിദ്രമുണ്ടാകാൻ കാരണമായത്. 19അംഗകമ്മിറ്റിയിലെ പത്തുപേരും രാജിവച്ചു തുടർന്നാണ് ദേവസ്വം ഉത്സവം ഏറ്റെടുത്തത്. ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.
• കണക്ക് നോക്കിയശേഷം പണംനൽകും
ഉപദേശകസമിതി ഭക്തരിൽനിന്ന് പിരിച്ച പണം കണക്ക് നോക്കിയശേഷം തിരികെനൽകും. ഫണ്ട് പിരിക്കാനായിഅംഗങ്ങൾക്ക് നൽകിയ രശീത് ബുക്കുകൾ മുഴുവൻ തിരികെ എത്തിയിട്ടില്ല. വരവ് ചെലവുകൾ പരിശോധിക്കേണ്ട താമസം മാത്രമേയുള്ളൂ.
ശ്രീറാം അയ്യർ, ഓഡിറ്റർ
ഉപദേശകസമിതി
• ഉത്സവ ചെലവ് 2 കോടി
രണ്ട് കോടിയോളം രൂപയാണ് വൃശ്ചികോത്സവത്തിന് ചെലവ് വരിക. കൊച്ചിൻ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉത്സവപ്പിരിവ് ഇന്നലെവരെ 30 ലക്ഷംരൂപ കഴിഞ്ഞു. കലാപരിപാടികൾ തീരുമാനിക്കൽ അന്തിമഘട്ടത്തിലാണ്. നാൽപ്പതോളം ഗജരാജന്മാരെയും നിശ്ചയിച്ചു.