
മൂവാറ്റുപുഴ: പായിപ്ര മാനാറി പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികളിലെ മാലിന്യ പ്രവാഹത്തിനെതിരെ ജനരോഷം ശക്തമായതോടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ റിയാസ്ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി കമ്മിഷൻ മാനാറിയിലും പായിപ്രയിലും തെളിവെടുപ്പ് നടത്തി. മാനാറി ഒന്നാം വാർഡിലെ കിഴക്കനേടം നഗർ, പായിപ്ര 13-ാം വാർഡിലെ ചാരപ്പാട് നഗർ എന്നിവിടങ്ങളിലെ പൊതുജനത്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പട്ടികജാതി കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ നേതൃത്വത്തിലാണ് പട്ടികജാതി കമ്മിഷൻ നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കമ്പനികൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക - സാമൂഹിക പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് എത്തിയത്.
പട്ടികജാതി വിഭാഗം താമസിക്കുന്ന കിഴക്കനേടം നഗർ, നാല് സെന്റ് നഗർ, ചാരപ്പാട് നഗർ എന്നിവിടങ്ങളിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തി. തുടർന്ന് പായിപ്ര ഗ്രാമ പഞ്ചായത്തിലെത്തിയ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറി, പൊല്യൂഷൻ കമ്മിഷൻ, മെഡിക്കൽ ഓഫീസർ എന്നിവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. 30 ദിവസത്തിനകം പഞ്ചയത്തും പൊല്യൂഷൻ കമ്മീഷനും മെഡിക്കൽ ഓഫീസറും പട്ടികജാതി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ.റിയാസ്ഖാൻ, പി.കെ.എസ് സംസ്ഥാന ട്രഷറർ വി.ആർ.ശാലിനി, പഞ്ചായത്ത് സെക്രട്ടറി ബൈജുബേബി, പൊല്യൂഷൻ ഉദ്യോഗസ്ഥൻ നോബി ജോൺ, പട്ടികജാതി വികസന ഓഫീസർ പി.ചിത്ര, സി.പി.എം ലോക്കൽ സെക്രട്ടറി ബാബു ബേബി, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.രങ്കേഷ്, സീനിയർ സിറ്രിസൺ പഞ്ചായത്ത് സെക്രട്ടറി കെ.എം.രാജമോഹനൻ എന്നിവർ കമ്മീഷനെ അനുഗമിച്ചു.
പൊതുജനത്തിന്റെ പരാതികൾ
പായിപ്ര മാനാറി പ്രദേശങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നു
കുടിവെള്ളം, വായു, മണ്ണ് ഇവയെല്ലാം മലിനമായി
തോടും ചിറകളും ജലസ്രോതസുകളുമെല്ലാം വിഷമയമായി
ശ്വാസകോശ രോഗങ്ങൾ മൂലം മരണങ്ങൾ സംഭവിക്കുന്നു
അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായി
പായിപ്ര ഗ്രാമ പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനികൾക്ക് ഒരു മാനദണ്ഡവും ഇല്ലാതെ അനുമതി നൽകുന്നു
ജനകീയ സമരങ്ങൾ അധികൃതർ മുഖവിലയ്ക്ക് എടുക്കുന്നില്ല