u
പെരുമ്പിള്ളി കളിക്കളം മൈതാനം

മുളന്തുരുത്തി: പെരുമ്പിള്ളിയോടും കളിക്കളത്തോടും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അധികാരികൾ അവഗണന തുടരുന്നതായി പരാതി. മുളന്തുരുത്തി കാഞ്ഞിരമറ്റം റോഡിൽനിന്ന് 100 മീറ്ററോളം മാത്രം അകലെയുള്ള ഈ ഗ്രൗണ്ടിനോടാണ് അവഗണന. കാടുപിടിച്ചു കിടക്കുന്ന പെരുമ്പിള്ളി ഗ്രൗണ്ടിനുചുറ്റും മഴക്കാലമായാൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

അതേസമയം ഓലിക്കുരിശിന് സമീപം ചതുപ്പുനിലംവാങ്ങി പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഒരു പഞ്ചായത്തിൽ മികവുറ്റ രണ്ട് കളിക്കളം എന്ന സ്വപ്നം അവസാനിക്കുകയായിരുന്നു. പെരുമ്പിള്ളി കളിക്കളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വെട്ടിക്കൽ പ്രദേശത്ത് ചതുപ്പുനിലം വാങ്ങി കോടികൾ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങളിലൂടെ വലിയ അഴിമതി പഞ്ചായത്ത് ഭരണസമിതി നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടനപത്രിയിൽ കളിക്കളത്തെ ആധുനിക രീതിയിൽ സ്റ്റേഡിയമായി പുനർനിർമ്മിക്കുമെന്ന വാഗ്ദാനം പ്രഖ്യാപത്തിൽ ഒതുങ്ങി.

പഞ്ചായത്തിലെ നിരവധി യുവാക്കൾ എല്ലാദിവസവും ക്രിക്കറ്റും ഫുട്ബാളുമായി ഗ്രൗണ്ടിൽ സജീവമാണ്. ഗ്രൗണ്ടിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ പലപ്പോഴും പകൽസമയങ്ങളിൽ കാറുകളും മറ്റു സ്പോർട്സ് വാഹനങ്ങളും ഗ്രൗണ്ടിനുള്ളിൽ കയറി ഡ്രൈവിംഗ് നടത്തി ഗ്രൗണ്ട് കുളമാക്കുന്ന സ്ഥിതിയുണ്ട്. കായികതാരങ്ങൾതന്നെ പണം കണ്ടെത്തിയാണ് പലപ്പോഴും ഗ്രൗണ്ട് ശരിയാക്കാറുള്ളത്.

@കളിക്കളത്തിന്റെ പുനരുദ്ധാരണത്തിന് പണം ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി അനുവദിച്ചിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കാട് വെട്ടിത്തെളിക്കുന്നത്. കൈയേറ്റവും നടക്കുന്നുണ്ട്. ഗ്രൗണ്ടിൽ വെള്ളവും വെളിച്ചവും വെള്ളവും എത്തിക്കണം.

ആതിര സുരേഷ്

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം

കൊവിഡ് പ്രതിസന്ധിമൂലം ഫണ്ട് കിട്ടാതെ പോയതാണ് പ്രധാന പ്രശ്നമായത്. വാർഡ് മെമ്പറുടെ അനാസ്ഥയും ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. മെമ്പർക്ക് പ്രത്യേക ഫണ്ടായി ആറുലക്ഷംരൂപ അനുവദിച്ചിരുന്നു. അത് ഉപയോഗിച്ച് ഗ്രൗണ്ട് നന്നാക്കാൻ സാധിക്കുമായിരുന്നു. മറിയാമ്മ ബെന്നി,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്