creme-to-rium

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ ആധുനിക ഗ്യാസ് പൊതുശ്മശാനം പ്രവർത്തനക്ഷമമല്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. 2014ൽ നിർമ്മാണം ആരംഭിച്ച് 2019ൽ പ്രവർത്തനസജ്ജമായ നഗരസഭാ വക പൊതുശ്മശാനം അധികൃതരുടെ വീഴ്ച മൂലം നിരന്തരം പ്രവർത്തനം മുടങ്ങുകയാണ്. കഴിഞ്ഞ നാലുമാസമായി പൊതുശ്മശാനം പ്രവർത്തിപ്പിച്ചിട്ടില്ല.

വെളിയന്നൂർ, ഉഴവൂർ, കൂത്താട്ടുകുളം നഗരസഭ, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനകരമായ പൊതുശ്മശാനം ആണിത്. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് പദ്ധതി കൂത്താട്ടുകുളത്ത് ആരംഭിച്ചത്.

വേണം അറ്റകുറ്റപ്പണി

പരമ്പരാഗത രീതിയിൽ ജഡം മറവ് ചെയ്യുന്നതിനുള്ള സെല്ലാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. 30 സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ട്. 3500 രൂപയാണ് സംസ്കരണ ചാർജ് ആയി വാങ്ങുന്ന ഇവിടെ നിന്ന് ഒരു വർഷം നഗരസഭയ്ക്ക് 5 ലക്ഷത്തോളം രൂപ വരുമാനവും ലഭിക്കുന്നുണ്ട്. 75 ലക്ഷത്തോളം രൂപ മുതൽമുടക്കി നിർമ്മിച്ച് ശ്മശാനം കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് ഇപ്പോൾ അടച്ചിടേണ്ട അവസ്ഥയിലേക്ക് നയിച്ചത്. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ 2 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പണം ചെലവ് ചെയ്യുന്നതിന് ഡി.പി.സി.യുടെ പ്രത്യേക അംഗീകാരം വാങ്ങേണ്ടതുണ്ട്.

കൂളിംഗ് ടാങ്ക് കംപ്ലെയിന്റ് കാരണം ഫർണസ് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

വാർഷിക മെയിന്റനൻസ് നടത്താറില്ല, വാർഷിക പദ്ധതിയിൽ മെയിന്റനൻസ് തുക ഉൾക്കൊള്ളിക്കാറുമില്ല.

ഒരു താത്കാലിക ജീവനക്കാരൻ മാത്രമാണുള്ളത്. ഒരു ജീവനക്കാരനെ കൂടി ആവശ്യമാണ്.

സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യം

പൊതുശ്മശാനം പ്രവർത്തനസജ്ജമാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.

പി.എം സ്കറിയ

മുൻ പഞ്ചായത്ത് പ്രസിഡന്റ്

ഭരണസമിതികളുടെ നിരുത്തരവാദപരവും കെടുകാര്യസ്ഥതയുമാണ് പ്രശ്നങ്ങൾക്ക് കാരണം

റോയ് എബ്രഹാം

നഗരസഭാ മുൻ ചെയർമാൻ

ഉടൻ പ്രവർത്തനസജ്ജമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കും.

പി.ആർ. വിജയകുമാർ

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം

ഡി.പി.സി.ക്ക് പ്രൊജക്ട് നൽകി അംഗീകാരം വാങ്ങി പണി നടത്തും. വാർഷിക മെയിന്റനൻസ് വകയിരുത്താത്തത് മുൻ ഭരണസമിതിയുടെ വീഴ്ചയാണ്.

കലാ രാജു

നഗരസഭ ചെയർപേഴ്സൺ