elephant

കോതമംഗലം: ഭൂതത്താൻകെട്ടിൽ കാട്ടാനശല്യം പതിവായി. മൂന്ന് ദിവസം തുടർച്ചയായി ഇറങ്ങിയ കാട്ടാനകൂട്ടം കൃഷിയും മറ്റ് വസ്തുവകകളും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിൽ ഭൂതത്താൻകെട്ട് വേട്ടാമ്പാറ റോഡിന്റെ ഇരുവശത്തുമുള്ള കൃഷിയിടത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പൈനാപ്പിളും റബ്ബറും തെങ്ങും ഇവിടെ നശിപ്പിച്ചു. ഫെൻസിംഗ് തകർത്താണ് ആനക്കൂട്ടം കൃഷിയിടത്തിൽ കടന്നത്. പത്തോളം ഭാഗത്ത് കയ്യാലയും തകർത്തു. അമ്പഴപ്പുംകുടി ജോയിയുടെ കൃഷിയിടത്തിൽ നൂറോളം വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കുലച്ച വാഴകളും ഇക്കൂട്ടത്തിലുണ്ട്. വായ്പയെടുത്തായിരുന്നു ഇവരുടെ കൃഷി.പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. ഈ കൃഷിയിടത്തിൽ ആദ്യമായാണ് ആനക്കൂട്ടം എത്തുന്നത്. ആന ശല്യത്തിനെതിരെ പരാതി പറഞ്ഞാലും വനംവകുപ്പിൽ നിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.