
കൊച്ചി: ഓർമ്മ നഷ്ടമായ അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ (59) കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സാന്റോൺ ലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന്റെയും പൊലീസ് മേധാവിയുടെയും കൊച്ചി വിമാനത്താവള കമ്പനിയുടെയുമടക്കം വിശദീകരണം തേടി. ലാമയെ കണ്ടെത്തിയാൽ ഉടൻ കോടതിയെ അറിയിക്കണമെന്ന് ഗവ. പ്ലീഡർക്കും നിർദ്ദേശം നൽകി.
തിരോധാനത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം നാളെ വീണ്ടും പരിഗണിക്കും. അതേസമയം, 15 ദിവസം പിതാവിനെ തെരഞ്ഞിട്ടും ഫലമുണ്ടാകാത്തതിനാൽ സാന്റോൺ ലാമ തിങ്കളാഴ്ച ബംഗളൂരുവിലേക്ക് മടങ്ങി. ഹിന്ദി വശമുള്ള ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ താഹിറിനൊപ്പമാണ് സാന്റോൺ കൊച്ചിയിൽ അച്ഛനെ തേടിയലഞ്ഞത്. ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനാണ് സാന്റോൺ.