parking

ആലുവ: നവീകരിച്ച കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ വാഹന പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പഞ്ചായത്ത് കവലയിൽ അത്യാവശ്യങ്ങൾക്ക് എത്തുന്നവർക്ക് ആകെയുണ്ടായിരുന്ന വാഹന പാർക്കിംഗ് സൗകര്യമില്ലാതായി. വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ പൊലീസ് പെറ്റിക്കേസ് ചുമത്താൻ തുടങ്ങിയതോടെ ജനം ദുരിതത്തിലുമായി.

ഒരു മാസം മുമ്പാണ് നവീകരിച്ച പഞ്ചായത്ത് ഓഫീസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ താഴെ വ്യാപാര സ്ഥാപനങ്ങളാണ്. പഞ്ചായത്ത് ഓഫീസിലേക്കും വ്യാപാര ആവശ്യങ്ങൾക്ക് എത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. അല്ലാത്ത വാഹനങ്ങൾ പാർക്കിംഗിന് അനുവദിക്കുന്നില്ല. ഇതിനായി പഞ്ചായത്ത് ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്.

ഏലൂക്കര - കയറ്റിക്കര റോഡും എരമം റോഡും സംഗമിക്കുന്ന പഞ്ചായത്ത് കവല താരതമ്യേന ഏറ്റവും വീതി കുറഞ്ഞ റോഡാണ്. ഇവിടെ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിന് മതിയായ സൗകര്യമില്ല. നേരത്തെ പഞ്ചായത്ത് ഓഫീസ് വളപ്പിലായിരുന്ന ഓട്ടോറിക്ഷ സ്റ്റാൻഡും റോഡിലായതോടെ ഇടുങ്ങിയ അവസ്ഥയാണ്. മറ്റൊരു വാഹനം കൂടി പാർക്ക് ചെയ്യുന്നത് വിഷമകരമാണ്. അതിനാൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് പെറ്റി ചുമത്തുകയാണ്. നിമിഷ നേരത്തിനകം മടങ്ങിപ്പോകുന്നവർക്ക് പോലും വാഹനം പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് ഓഫീസിന് പുറമെ വില്ലേജ് ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, മസ്ജിദ്, കൃഷിഭവൻ, സഹകരണ ബാങ്ക് എന്നിവയെല്ലാം ഈ കവലയിലാണ്. വാഹന പാർക്കിംഗിന് സൗകര്യമില്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചവരും നിർമ്മാണത്തിന് അനുമതി നൽകിയ പഞ്ചായത്ത് അധികൃതരുമാണ് വഴിയരികിലെ അനധികൃത പാർക്കിംഗിന് യഥാർത്ഥ കാരണക്കാരെന്ന് പൊതുജനം ആരോപിക്കുന്നു.

സമീപത്തെ സ്വകാര്യ ചികിത്സ കേന്ദ്രത്തിലെത്തുന്നവരുടെ വാഹനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ പഞ്ചായത്ത് ഓഫീസ് വളപ്പിൽ പാർക്ക് ചെയ്യുന്നതാണ് നിയന്ത്രണം ശക്തമാക്കാൻ കാരണം. പഞ്ചായത്ത് ജീവനക്കാരുടെയും ഇവിടത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെയും വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്ന് വ്യാപക പരാതി ഉണ്ടായിരുന്നു. സെക്യൂരിറ്റിയെ നിയോഗിച്ച് ഇതിനാണ് പരിഹാരം കണ്ടത്.

സുരേഷ് മുട്ടത്തിൽ,

പ്രസിഡന്റ്,

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് വ്യാപകമായി പെറ്റിക്കേസ് ചുമത്തുന്നതായി വ്യാപാരികൾക്ക് പരാതിയുണ്ടെങ്കിൽ ഇടപെടും.

കെ.വി. ഷെഫീക്ക്

പ്രസിഡന്റ്,

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

മുപ്പത്തടം യൂണിറ്റ്.

സ്വകാര്യ സ്ഥാപനങ്ങളിൽ വരുന്ന വാഹനങ്ങൾ മണിക്കൂറുകളോളം റോഡരികിൽ പാർക്ക് ചെയ്യുന്നത് ഗതാഗതകുരുക്ക് സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി അന്യജില്ലകളിൽ നിന്ന് പോലും ആളുകൾ വരുന്നുണ്ട്. ഇത്തരം വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നത്.

സുനിൽകുമാർ

എസ്.എച്ച്.ഒ

ബിനാനിപുരം പൊലീസ് സ്റ്റേഷൻ